മറക്കാനും വധിക്കാനും നോക്കിയിട്ടും ഗാന്ധിജി കാലത്തെ അതിജീവിക്കുന്നു; എംജിഎസ്

പരപ്പനങ്ങാടി: മഹാത്മാഗാന്ധി നൂറ്റാണ്ടുകളെ അതിജീവിക്കുന്നുവെന്നും അദേഹത്തെ കൊന്നിട്ടും കൊന്നിട്ടും മരിക്കുന്നില്ലെന്നും ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. പ്രശസ്ത ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്റെ രണ്ട് ഗാന്ധിയന്‍ ഗ്രന്ഥങ്ങള്‍ പുനഃപ്രകാശനം ചെയ്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംജിഎസ് .
ഗാന്ധിജിയെ വിമര്‍ശനാത്മകമായി വിലയിരുത്തിയ ആദ്യപതിപ്പില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ കാലത്ത് ഗാന്ധിജിയുടെ പ്രസക്തികൂടി പുനഃപ്രസിദ്ധീകരിച്ച പതിപ്പില്‍ ഉള്‍കൊള്ളിച്ചതായി സാമൂഹ്യപ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍ നിരീക്ഷിച്ചു.

പരപ്പനങ്ങാടിയിലെ ഗാംഗാധരന്‍ മാഷുടെ വസതിയില്‍ നടന്ന ചടങ്ങില്‍ വി ടി ജയദേവന്റെ ജലമുദ്ര എന്ന കവിതാ സമാഹാരവും, ലിഷ അന്നയുടെ സര്‍ഗാസം എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്തു. മനോഹരന്‍ എഡിറ്ററായ കവിയരങ്ങ് എന്ന ഡിജിറ്റല്‍ കവിതാ മാഗസിന്റെ പ്രകാശനം ഡോ.എം ഗംഗാധരന്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് സിവിക് ചന്ദ്രന്‍, ഡോ.എംഎം ബഷീര്‍, ഖദീജ മുംതാസ്, വീരാന്‍കുട്ടി, കല്‍പ്പറ്റ നാരായണന്‍, ജമാല്‍ കൊച്ചിലങ്ങാടി, എ പി കുഞ്ഞാമു, സി പി വത്സന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ശ്രീജിത്ത് അരിയല്ലൂര്‍, ജയശങ്കര്‍ എ എസ് അറയ്ക്കല്‍, അമ്പിളി ഓമനക്കുട്ടന്‍, രാധാകൃഷ്ണന്‍ എടച്ചേരി, എം എം സജീന്ദ്രന്‍, രാജന്‍ കൈലാസ്, സുഷമ കണിയാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.