ചൂട് കഠിനം അസഹനീയം: വഴിയോര ചർച്ചകൾ വയലോരങ്ങളിലേക്ക് വഴി മാറി

parappanangadi copyപരപ്പനങ്ങാടി: നാൽപ്പതു ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ചൂട് കുതിച്ചതോടെ ഗ്രാമങ്ങളുടെ അകത്തളങ്ങളിൽ കാലം അടയാളമാക്കി അവശേഷിച്ച വയലോരങ്ങളെയും തണൽ മരങ്ങളേയും തേടിയിറങ്ങാൻ മലയാളി നിർബന്ധിതനാകുന്നു . ഇട വഴികൾ റോഡായി മാറിയതും റോഡുകൾ ഉപയോഗപെടുത്തി പാടങ്ങൾ പറമ്പാക്കി മാറ്റാനും കാണിച്ച ആവേശങ്ങൾ അബദ്ധമാണന്ന തിരിച്ചറിവുണ്ടായത് കാലം സമ്മാനിച്ച കടുത്ത ചൂടിനെറെ ചൂരിൽ നിന്നാണ്. സംരക്ഷിത വയലെന്ന നന്മയുടെ രാഷ്ട്രീയം കൂടിയില്ലായിരുന്നെങ്കിൽ കൃഷിയിടങ്ങളിൽ ഇതിനകം കോൺഗീറ്റ് കാടു പരന്ന് ഗ്രാമങ്ങളിൽ അവശേഷിക്കുന്ന നീർചാലുകളും ഊഷരമായി മാറുമായിരുന്നു.

നെല്ല്, വാഴ, കമുങ്ങ്, തെങ്ങ്, പച്ചക്കറി പന്തലുകൾ തുടങ്ങി കൃഷികളുടെ സാന്നിധ്യം അവശേഷിക്കുന്ന ഇടങ്ങളിൽ നിന്ന് കടുത്ത ചൂടിനെ അതിജീവിച്ച് ലഭ്യമാകുന്ന കുളിർ കാറ്റും, തണലും തലോടലും പ്രകൃതി രമണീയ തയുടെ അനുഭൂതികൾക്ക് കൃത്യമ ശീതികൃത സുഖങ്ങളുടെ പതിൻമടങ്ങ് ആനന്ദമുണ്ട് . അത് കൊണ്ട് തന്നെ നാട്ടുകാർ ഇത്തരം സ്ഥലങ്ങളെ മിനി ഊട്ടിയെന്നാണ് ചെല്ല പേരിടുന്നത് .

സൂര്യാഘാതം സംഭവിക്കുന്ന വിധം ചൂട് കനത്തതോടെ നിർമാണ തൊഴിലാളികളുൾപ്പടെയുള്ള പുറം തൊഴിലിലേർപെടുന്നവർ സമയ ക്രമത്തിൽ യുക്തിപരമായ മാറ്റം വരുത്തിയിട്ടുണ്ട്. അതിരാവിലെ തുടങ്ങി ചൂട് കനക്കുന്നതോടെ പണി മാറ്റി പോവുകയാണ് പതിവ്. അന്യസംസ്ഥാന തൊഴിലാളികളിൽ ആന്ധ്ര പ്രദേശ്, ആസാം എന്നിവടങ്ങളിലെ. തൊഴിലാളികൾക്ക് ചൂട് വലിയ ഭീഷണിയായി തോന്നുന്നിലെങ്കിലും മറ്റു സംസ്ഥാന തൊഴിലാളികൾ മലബാറിലെ ചൂട് താങ്ങാനാവാതെ വിയർത്തൊഴുകുകയാണ്‌ .

എന്നാൽ നിർമ്മാണ തൊഴിൽ രംഗത്ത് മലയാളി സ്വയം നിർണയിച്ച പുതിയ സമയ ക്രമം ഇവർക്കും ആശ്വാസമാവുകയാണ്. ഉച്ചയോടെ പണി മാറ്റുന്ന ചിലരെങ്കിലും വയലോരങ്ങളിൽ കാറ്റു കൊള്ളാൻ വരുന്നതും യുക്തി പൂർവം ഉപയോഗപെടുത്തുന്നുണ്ട് ‘ – പച്ചിലകളും പുൽമേടുകളും നില നിൽക്കുന്ന ഇടങ്ങളിലേക്ക് ആട്, പോത്ത്, പശു, തുടങ്ങി മൃഗങ്ങളുടെ കൈ പിടിച്ചാണ് വരുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് ചൂട് ആസന്നമായിരിക്കെ തെരുവോരങ്ങളിൽ നിന്ന് ഗ്രാമീണ ജനാധിപത്യ സംഘങ്ങൾ പലതും വയലോരങ്ങളിൽ തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്. അകവും പുറവും ആളിക്കത്തുന്ന ചൂടിന്നിടയിൽ കുളക്കടവുകളും ഇനിയും വറ്റാത്ത തോഡുകളും പച്ചപ്പ് മാറാത്ത വയലോലകളും ഇവർക്ക് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല,.