ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ തടഞ്ഞു

parappananagdi,policeപരപ്പനങ്ങാടി : ഹെല്‍മറ്റ് വേട്ടക്കിറങ്ങിയ പോലീസുകാരന്‍ തന്നെ ഹെല്‍മറ്റില്ലാതെ പിടിച്ചെടുത്ത വാഹനവുമായി പോകാനൊരുങ്ങിയപ്പോള്‍ നാട്ടുകാര്‍ പോലീസുകാരനെ തടഞ്ഞു. പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ വെച്ച് തിങ്കളാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം.

ഹെല്‍മിറ്റില്ലാത്തതിന് ബൈക്ക് യാത്രക്കാരനെ പോലീസുകാരന്‍ കൈകാണിച്ച് നിര്‍ത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വണ്ടി കസ്റ്റഡിയിലെടുത്തതായി അറിയിച്ച പോലീസുകാരന്‍ വാഹനം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോകാനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ ഹെല്‍മറ്റില്ലാതെ പോലീസുകാരന്‍ എങ്ങനെ വണ്ടിയോടിക്കുമെന്ന് ചോദിച്ച് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. ഇതോടെ പോലീസുകാരന്‍ അവിടെ കൂടിയ നാട്ടുകാരില്‍ ഒരാളോട് ഹെല്‍മറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല. ഇതോടെ അമളി പിണഞ്ഞ പോലീസുകാരന്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

തര്‍ക്കത്തിനിടെ ആരോ ഒരാള്‍ ബൈക്കിന്റെ ചാവി പൊക്കി. ഇതോടെ സ്ഥലത്തെത്തിയ പോലീസുകാര്‍ ചേര്‍ന്ന് ബൈക്ക് സ്റ്റേഷനിലേക്ക് തള്ളികൊണ്ട് പോകുകയായിരുന്നു. എന്നിട്ടാണ് പ്രതിഷേധിച്ച ജനക്കൂട്ടം പിരിഞ്ഞ് പോയത്.