Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കറന്റിന്‌ എന്നും ഒളിച്ചുകളി; സബ്‌സ്റ്റേഷന്‍ കിട്ടാക്കനി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാസങ്ങളായി തുടരുന്ന അപ്രഖ്യാപിത കറന്റ്‌കട്ട്‌ വ്യാപാരികളെയും, വ്യവസായികളെയും വലക്കുന്നു. പകല്‍സമയത്ത്‌ നിരവധി തവണയാ...

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാസങ്ങളായി തുടരുന്ന അപ്രഖ്യാപിത കറന്റ്‌കട്ട്‌ വ്യാപാരികളെയും, വ്യവസായികളെയും വലക്കുന്നു. പകല്‍സമയത്ത്‌ നിരവധി തവണയാണ്‌ പരപ്പനങ്ങാടിയില്‍ വൈദ്യുതിബന്ധം മുടങ്ങുന്നത്‌. വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇതുമൂലം ദുരിതത്തിലാകുന്നു. ഇവിടത്തെ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍, ഫോട്ടോഷോപ്പ്‌ കടകള്‍, സ്റ്റുഡിയോകള്‍, വര്‍ക്‌ഷോപ്പുകള്‍, ചെറുകിട ഇന്‍ഡസ്‌ട്രീസുകള്‍ എന്നിവയില്‍ പലതും പൂട്ടേണ്ട അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. അധികൃതര്‍ക്ക്‌ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും കാര്യമായ നടപടികള്‍ എടുത്തിട്ടില്ല. സബ്‌സ്റ്റേഷന്‍ വരാതെ പരപ്പനങ്ങാടിയിലെ വൈദ്യുതി ക്ഷാമത്തിന്‌ പരിഹാരമാവില്ലെന്നാണ്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ വിശദീകരണം.

പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തറക്കല്ലിട്ട പരപ്പനങ്ങാടി 110 കെ വി സബ്‌സ്റ്റേഷനാകട്ടെ തുടങ്ങിയിടത്തു തന്നെയാണ്‌. സബ്‌സ്റ്റേഷനിലേക്ക്‌ വൈദ്യുതി എത്തിക്കുന്ന ടവറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചില ഭൂവുടമകളുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കുന്നതിന്റെ പേരില്‍ മുടങ്ങി കിടക്കുകയാണ്‌. മാടക്കത്തറയില്‍ നിന്ന്‌ വരുന്ന പ്രധാന ലൈനില്‍ തലപ്പാറമുതല്‍ പരപ്പനങ്ങാടി വരെയുള്ള സ്ഥലത്താണ്‌ ടവറുകള്‍ സ്ഥാപിച്ച്‌ ലൈന്‍ വലിക്കേണ്ടത്‌. ഇതിനാവശ്യമായ 60 ടവറുകളില്‍ 42 എണ്ണത്തില്‍ ബെയ്‌സ്‌മെന്‍ പൂര്‍ത്തിയായി കഴിഞ്ഞു. 6 ടവറുകള്‍ സ്ഥാപിക്കുന്നിടത്ത്‌ മാത്രമാണ്‌ ഭൂവുടമകളുമായി തര്‍ക്കം നില നില്‍ക്കുന്നത്‌. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ എഡിഎം അടക്കമുള്ളവര്‍ അലംബാവം കാണിക്കുന്നത്‌ മൂന്നിയൂരിലെ ഒരു മുന്‍ റവന്യൂ ഉദേ്യാഗസ്ഥന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണെന്ന്‌ നാട്ടുകാര്‍ക്ക്‌ ആക്ഷേപമുണ്ട്‌. ഇയാളുടെ സ്വാധീനത്തിന്‌ വഴങ്ങി നിലവിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്താനും ശ്രമിക്കുന്നതായും സൂചനയുണ്ട്‌.

sameeksha-malabarinews

കരിങ്കല്ലത്താണിയില്‍ കെ എസ്‌ ഇ ബി സബ്‌സ്റ്റേഷനായി ഏറ്റെടുത്ത ഭൂമിയിലും ചുറ്റുമതില്‍ കെട്ടിയതല്ലാതെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. പ്രസ്‌തുത സ്ഥലത്ത്‌ സൈറ്റ്‌ എഞ്ചിനിയറുടെ ഓഫീസിനായുള്ള കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌ 24 കിലോമീറ്റര്‍ അകലെയുള്ള എടരിക്കോടാണ്‌.
ഏറെ പ്രഗത്ഭരും, സ്വാധീനവുമുള്ള രാഷ്‌ട്രീയ നേതൃത്വങ്ങള്‍ പരപ്പനങ്ങാടിയിലുണ്ടായിട്ടും ചുരുക്കം ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ക്കേറെ ആവശ്യമുള്ള ഒരു പദ്ധതി തന്നെ മുടങ്ങി കിടക്കുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!