വാഹനപരിശോധനക്കിടെ അപകടം നാട്ടുകാരും പോലീസുമായി സംഘര്‍ഷം 25പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: വാഹനപരിശോധനക്കിടെ ഗതാഗതക്കുരുക്കുണ്ടാവുകയും കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലിടിച്ചതും നാട്ടുകാരെ പ്രകോപിതരാക്കി. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ തിരക്കേറിയ സ്ഥലത്ത് വാഹനപരിശോധന നടത്തുന്നത് ശരിയല്ല എന്ന് പറഞ്ഞ് പരിശോധനക്ക് നേതൃത്വം നല്‍കിയ വനിത എസ്‌ഐക്കെതിരെ തിരഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പോലീസ് നേരിയതോതില്‍ ലാത്തിവീശി.

ബുധനാഴ്ച രാത്രി 8 മണിയോടെ പരപ്പനങ്ങാടി ജംങഷന് തോട്ടടുത്തുള്ള പെട്രോള്‍ പമ്പിന് മുന്‍വശത്ത് വച്ചായിരുന്നു സംഭവം കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. പിന്നീട് സഥലത്തെത്തിയ പരപ്പനങ്ങാടി എസ്‌ഐയുടെ നേതൃത്വത്തില്‍ ഈ വഴി കടന്നുവന്ന മുഴുവന്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിച്ചു.

ഈ വിഷയത്തോടനുബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ച് വനിത എസ്‌ഐയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.