പാമോയില്‍ കേസ്: ജിജി തോംസണിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താം

ഡല്‍ഹി: പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ തടസമില്ലെന്ന് സുപ്രീംകോടതി. ജിജി തോംസണിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നാണ് സുപ്രീംകോടതിയില്‍ ജിജി തോംസണ്‍ വാദിച്ചത്. കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസണിന്റെ ഹര്‍ജിക്കിടയിലാണ് കോടതി പരാമര്‍ശം. കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു.

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇരു കോടതികളും ഹര്‍ജി തള്ളി. ഇടപാടുമായി ബന്ധമില്ലാത്ത നിരപരാധിയായ തന്റെ കുറ്റവിമുക്ത ഹര്‍ജി തള്ളിയ നടപടി വസ്തുതകള്‍ വിലയിരുത്താതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിജി തോംസണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.