പാകിസ്ഥാന്‍ ചാരനായ ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ദില്ലി : പാകിസ്ഥാന്‍ രഹസ്യ അനേ്വഷണ സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി ചെയ്ത ഇന്ത്യന്‍ കരസേനയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ . പഞ്ചാബില്‍ നിന്നാണ് ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ കരസേനയിലെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ലൗദീപ് സിംഗ് എന്ന ഇയാളില്‍ നിന്നും നിയന്ത്രിത മേഖലകളുടെ ഫോട്ടോഗ്രാഫുകള്‍, കരശേന മാന്വലുകള്‍, മിലിട്ടറി ഇന്‍സ്റ്റലേഷനുകളുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്‌കെച്ചുകള്‍ എന്നിവ കണ്ടെടുത്തു.

ലൗദീപ് സിംഗ് ഫരീദ്‌കോട്ടിലെ പാര്‍ക്ക് അവന്യൂ നിവാസിയാണ്. ഫരീദ്‌കോട്ട് ആര്‍മി കന്റേണ്‍മെന്റിലാണ് ഇയാള്‍ ക്ലര്‍ക്കായി ജോലി നോക്കിയത്. ഇയാള്‍ക്കെതിരെ പരീത്‌കോട്ട ബൈപാസിലെ കനാല്‍ ബ്രിഡ്ജിലെ സംസ്ഥാന സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

പ്രാഥമിക അനേ്വഷണത്തില്‍ 18 മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ ഐഎസ്‌ഐ ചാരനാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഫരീദ്‌കോട്ട് ഫിറോസ്പൂര്‍,ഫസില്‍ക്ക സെക്ടറുകളിലെ കരസേനയുടെ നീക്കങ്ങള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മേഖലയില്‍ പുതിയ ബങ്കറുകളുടെ നിര്‍മ്മാണം എന്നിവയെ കുറിച്ചുളള വിവരങ്ങളാണ് പണം വാങ്ങി ലൗദീപ് സിംഗ് പാകിസ്ഥാന് നല്‍കിയിരുന്നത്. സേനയില്‍ നടക്കുന്ന ഏതൊരു പുതിയ കാര്യവും ഇയാള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയിരുന്നു.

ഔദേ്യാഗിക രഹസ്യ നിയമത്തിന്റെ 3,4,5,9 വകുപ്പുകളും ഇന്ത്യന്‍ പീനല്‍കോഡിലെ 120 ബി വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടറായ ഹര്‍വീന്ദര്‍ സിംഗ് അറിയിച്ചു.