ഓക്‌സിജന്‍ കിട്ടാതെ യുപിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 63

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ യുപിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 63 ആയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലാണ് ദുരന്തം. രണ്ടുദിവസംമുമ്പ് ആദിത്യനാഥ് നേരിട്ടെത്തി ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം മുടങ്ങിയതോടെയാണ് ദാരുണസംഭവം. മസ്തിഷ്കവീക്കം ബാധിച്ചവരുള്‍പ്പെടെ 20 കുട്ടികള്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ 10 കുട്ടികള്‍കൂടി മരിച്ച വിവരം പുറത്തുവന്നു.

ഓക്സിജന്‍ വിതരണംചെയ്യുന്ന കമ്പനിക്ക് 66 ലക്ഷം രൂപ  കുടിശിക നല്‍കാനുണ്ടായിരുന്നു. ഈ തുക അടയ്ക്കണമെന്നറിയിച്ച് നിരവധി തവണ കമ്പനി ആശുപത്രി അധികൃതര്‍ക്ക് കത്തയച്ചിരുന്നു. പണം കിട്ടാതായതോടെ ഓക്സിജന്‍ വിതരണം മുടങ്ങി. ഓക്സിജന്‍ ശേഖരത്തിന്റെ അളവില്‍ കുറവുണ്ടെന്ന് ആശുപത്രി ടെക്നീഷ്യനും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക അധികൃതര്‍ നല്‍കാതിരുന്നതോടെ കഴിഞ്ഞദിവസം രാത്രിയില്‍ കമ്പനി ഓക്സിജന്‍ നല്‍കുന്നത് അവസാനിപ്പിച്ചു. ഇതോടെയാണ് 20 കുട്ടികള്‍ മരിച്ചത്. ഇതിനെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഓക്സിജന്‍ ലഭ്യമാക്കി. എന്നാല്‍ തുടര്‍ന്നും ഓക്സിജന്‍ വിതരണം തടസപ്പെട്ട് കുട്ടികള്‍ മരിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 23 കുട്ടികളും വ്യാഴാഴ്ച രാത്രിയ്ക്കും വെള്ളിയാഴ്ച ഉച്ചയ്ക്കും ഇടയില്‍ ഏഴ് കുട്ടികളും മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൌട്ടേല പറഞ്ഞു. കമ്പനി ഓക്സിജന്‍ വിതരണം അവസാനിപ്പിച്ചതിനാല്‍ സമീപജില്ലകളില്‍നിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നെന്നും കുട്ടികള്‍ മരിച്ചത് ഓക്സിജന്‍ ലഭിക്കാതെയല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഓക്സിജന്‍ വിതരണം മുടങ്ങിയ വ്യാഴാഴ്ച തന്നെയാണ് 17 നവജാതശിശുക്കള്‍ ഉള്‍പ്പടെ 23 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണങ്ങള്‍ മറ്റ് കാരണങ്ങളെ തുടര്‍ന്നാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 21 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചെന്ന് ഗോരഖ്പുര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.