സമ്പൂര്‍ണ സൗദി വത്കരണം നടപ്പിലാക്കുന്നതോടെ 60 കഴിഞ്ഞ വിദേശികള്‍ രാജ്യം വിടേണ്ടിവരും

untitled-1-copyറിയാദ്: സമ്പൂര്‍ണ സൗദിവത്കരണത്തിന്റെ ഭാഗമായുള്ള നിതാഖത്തിന്റെ ഭാഗമായി 60 വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളെ രണ്ടുപേരായി കണക്കാക്കുമെന്ന് സൗദി അറേബ്യ. ഈ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫാര്‍മസിസ്റ്റുകള്‍, ടെക്‌നീഷ്യന്മാര്‍, നിക്ഷേപകര്‍, പ്രൊഫസര്‍മാര്‍, മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് കൂടുതലായി ബാധിക്കുക. ഇത്തരം മേഖലകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നും വിലയിരുത്തലുണ്ട്. നിലവില്‍ മൊബൈല്‍ ഫോണ്‍ വിപണനം, സര്‍വ്വീസിംഗ് രഗത്ത് സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കിക്കഴിഞ്ഞു.

സൗദി പൗരന്‍മാരുടെ തൊഴിലില്ലായിമ കുറയ്ക്കുന്നതിനുവേണ്ടി തൊഴില്‍ രംഗത്ത് സംവരണം ഏര്‍പ്പെടുത്തുന്നതിനായി നടപ്പാക്കിയ നിയമാണ് നിതാഖത്ത് . ഇതുപ്രകാരം കമ്പനിയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി സൗദി പൗരന്‍മാരെ ജോലിക്കെടുക്കണമെന്നാണ് ചട്ടം.

വരും വര്‍ഷങ്ങളില്‍ അത്യാവശ്യം വേണ്ട വിദഗ്ദ ജോലികള്‍ ചെയ്യുന്ന വിദേശ തൊഴിലാളികളെ നിര്‍ത്തി ബാക്കിയുള്ളതെല്ലാം സൗദി പൗരന്‍മാര്‍ക്ക് സംവരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. കാര്‍ വിപണനം, റെന്റ് എ കാര്‍ തുടങ്ങിയ മേഖലകളിലും സൗദിവത്കരണം നടപ്പിലാക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്.