മെസിയില്‍ നിന്ന്‌ ഞാന്‍ ഒരുപാട്‌ കാര്യങ്ങള്‍ പഠിച്ചു നെയ്‌മര്‍

neymar and messiമാഡ്രിഡ്‌ :ഇത്‌ ബ്രസീലിനെ പരിഹസിച്ച്‌ മലപ്പുറത്തിറങ്ങിയ വാട്ട്‌സ്‌ ആപ്പ്‌ മെസ്സെജിലെ വാക്കുകളല്ല. സാക്ഷാല്‍ നെയ്‌മര്‍ തന്റെ ബാഴ്‌സലോണയിലെ സഹതാരം ലയണല്‍ മെസിയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച്‌ മാധ്യമങ്ങളോട്‌ പറഞ്ഞതാണ്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ബയേണ്‍ മൂണിക്കിനെതിരെ ബാഴ്‌സലോണ നേടിയ ആധികാരിക ജയത്തിന്‌ ശേഷമായിലുന്നു മെസിയെക്കുറിച്ച്‌ അര്‍ജന്റീന വിരോധികളായ തന്റെ ആരാധകരെ ഞെട്ടിക്കുന്ന വാക്കുകള്‍ പറഞ്ഞത്‌.

മെസിയെ വാനോളം പുകഴ്‌ത്തിയ നെയമര്‍ മെസിയില്‍ നിന്ന്‌ ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ താന്‍ പഠിക്കുന്നുവെന്നാണ്‌ പറഞ്ഞത്‌. സാങ്കേതിക പാഠങ്ങള്‍ മാത്രമല്ല കളിക്കളത്തില്‍ എങ്ങിനെ പെരുമാറണമെന്നും അദ്ദേഹം പഠിപ്പിച്ചെന്ന്‌ നെയ്‌മര്‍ പറഞ്ഞു.

മുമ്പ്‌ സ്‌പാനിഷ്‌ ലീഗില്‍ കൊര്‍ദൊബെക്കെതിരെ മത്സരിക്കുമ്പോള്‍ ഹാട്രിക്‌ അവസരമായിട്ടുപോലും പെനാല്‍ട്ടി തനിക്കായി നീക്കിനല്‍കിയ ആളാണ്‌ മെസിയെന്നും ആ സന്ദര്‍ഭം ഒരിക്കലും മറക്കാനാകില്ലെന്നും നെയ്‌മര്‍ പറഞ്ഞു. മെസ്സിയെ കുറിച്ച്‌ വിവരിക്കാന്‍ തനിക്ക്‌ വാക്കുകള്‍ പോലും കിട്ടുന്നില്ലെന്നും പറഞ്ഞുവെച്ചു നെയ്‌മര്‍.