മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

mullaperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാല്‍ കേസില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജലനിരപ്പ് 142 അടിയാക്കാമെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

വൈഗ അണക്കെട്ട് നിറഞ്ഞതിനു ശേഷം മാത്രമേ മുല്ലപ്പെരിയാറില്‍ 136 അടിക്കു മുകളില്‍ ജലനിരപ്പ് ഉയര്‍ത്താവൂയെന്നായിരുന്നു കേരളത്തിന്റെ വാദം. ഏതെങ്കിലും ഷട്ടറുകള്‍ തകരാറിലാണെങ്കില്‍ ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ഉയര്‍ത്തരുത്. ജലിനിരപ്പ് 136 അടിയിലെത്തിയാല്‍ ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടണമെന്നും കേരളം അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കോടതി അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്തിയിരുന്നു.

എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ജലനിരപ്പ് താഴ്ത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിനോടും കേരളത്തിന് വിയോജിപ്പാണുള്ളത്.