പള്ളിയും മോസ്‌കിലും വെറും കെട്ടിടങ്ങള്‍ മാത്രമാണെന്ന് സുബ്രഹ്മണ്യ സ്വാമി

subramanian-swamyഗുവഹത്തി: മുസ്ലീം പള്ളി ആരാധനാലയമല്ലെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി. മുസ്ലീം പള്ളി വെറുമൊരു കെട്ടിടമാണെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊളിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വെള്ളിയാഴ്ച ഗുവഹത്തിയില്‍ നടന്ന ഒരു മത ചടങ്ങില്‍ പങ്കെടുക്കവെയാണ് സ്വാമിയുടെ വിവാദ പരമാര്‍ശം

സൗദി അറേബ്യയില്‍ റോഡുകളുടെ നിര്‍മ്മാണത്തിനായി മുസ്ലീം പള്ളികള്‍ പൊളിച്ചതിന്റെ ഉദാഹരണവും സ്വാമി ചടങ്ങില്‍ പറഞ്ഞു. ഇതേപ്പറ്റിയുള്ള വിവരം താന്‍ സൗദി അറേബ്യയില്‍ നിന്നാണ് അറിഞ്ഞതെന്നും തന്റെ വീക്ഷണങ്ങളോട് എതിര്‍പ്പുള്ള ആരുമായും സംവാദം നടത്താന്‍ തയ്യാറാണെന്നും സ്വാമി വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് പറഞ്ഞ സ്വാമി ഇതേ കാര്യങ്ങള്‍ ശനിയാഴ്ച നടന്ന മറ്റൊരു ചടങ്ങിലും ആവര്‍ത്തിച്ചു.

അതേ സമയം സ്വാമിയുടെ പരമാര്‍ശത്തിനെതിരെ പാര്‍ട്ടിയ്ക്ക് അകത്തു നിന്നു തന്നെ നേതാക്കള്‍ രംഗത്തെത്തി. സുബ്രഹ്മണ്യ സ്വാമി സംസ്ഥാനത്ത് വരുമ്പോഴൊക്കെ ഇത്തരത്തില്‍ എന്തെങ്കിലും പറഞ്ഞ് വാര്‍ത്തയില്‍ ഇടം പിടിയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ ദേശീയ നേതൃത്വത്തിന് അയക്കുമെന്നും. വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മാത്രമാണ് സ്വാമിയുടെ പ്രസ്താവനയിലുള്ളതെന്നും ഭട്ടാചാര്യ പറഞ്ഞു.

സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയും രംഗത്തെത്തിയിട്ടുണ്ട്. സ്വാമി പറഞ്ഞ കാര്യം അസംബന്ധമാണ് എന്നാണ് ഗോഗോയ് വിശേഷിപ്പിച്ചത്. അമ്പലങ്ങളിലും പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റും ആളുകള്‍ വെറുതെ പോകുന്നതല്ല. സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാക്കുകളില്‍ ദേഷ്യം വന്ന ചിലരാകട്ടെ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കി.