ദില്ലിയില്‍ മോദിയിറങ്ങിയിടത്തെല്ലാം ബിജെപി തോറ്റു

modiദില്ലി : കോര്‍പ്പറേറ്റുകളും ചില മാധ്യമങ്ങളും ഏറെ കൊട്ടിഘോഷിക്കുന്ന മോഡി ഫാക്ടര്‍ മിഥ്യയോ? ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് ബിജെപി ഉയര്‍ത്തി കാണിക്കുന്ന നരേന്ത്ര മോഡി ദില്ലയില്‍ എത്തിയത് സര്‍വ്വ സന്നാഹങ്ങളായിട്ടായിരുന്നു.രാഷ്ട്രത്തിന്റെ തലസ്ഥാനമടങ്ങിയ ദില്ലയില്‍ മോഡി പ്രചരണത്തിനിറങ്ങിയ ഒരു ഘട്ടത്തില്‍ ഇത് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മോഡി-രാഹുല്‍ മാറ്റുരക്കലിന്റെ വേദിയാണെന്നു പോലും ചില മാധ്യമങ്ങള്‍ അച്ചു നിരത്തി. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു വേട്ടെണ്ണുമ്പോള്‍ തെളിയുന്ന ചിത്രം മറ്റൊന്നാണ്. മോഡി മുന്നിട്ടിറങ്ങി പ്രചരണം നടത്തിയ ദില്ലിയിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി തോറ്റു.

ദില്ലിയിലെ ചാന്ദിനി ചൗക്ക്, സുല്‍ത്താപൂര്‍ , മാജിറ, അംബേദ്കര്‍, രോഹിണി എന്നീ മണ്ഡലങ്ങളിലാണ് മോഡി റാലികള്‍ സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇവിടെ രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിയും രണ്ടിടത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമാണ് ജയിച്ചത്.

അംബേദ്കര്‍ നഗറില്‍ 11,000 ത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഖുശിറാം ചുനാര്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയായ അശോക് കുമാറിനോട് തോറ്റത്. മലയാളികള്‍ ഏറെ പാര്‍ക്കുന്ന രോഹിണി മണ്ഡലത്തിലും ബിജെപിയെ തറപറ്റിച്ചത് ആംആദ്മി പാര്‍ട്ടിയായിരന്നു.

രാജ്യമൊട്ടാകെ മോഡി തരംഗമാണെന്ന് പ്രചരിപ്പിക്കുകയും അടുത്ത പ്രധാനമന്ത്രി മോഡിയാണെന്ന് ഉറപ്പിക്കുകയും ചെയ്ത ബിജെപിക്ക് ഇത് കനത്ത തിരിച്ചടി തന്നെയാണ്. തിരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാനിലെ ബിജെപിയുടെ ജയവും നിലവിലുള്ള ഭരണത്തിനെതിരെയുള്ള വികാരത്തിന്റെ ഫലമായാണ് വിലയിരുത്തപെടുന്നത്.