എം എം ജേക്കബ് അന്തരിച്ചു

പാല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എംഎം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.

രാജ്യസഭാ അംഗമായിരുന്ന അദേഹം രാജീവ് ഗാന്ധി മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യം, ജലവിഭവം, അഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1995 മുതല്‍ രണ്ട് തവണ മേഘാലയ ഗവര്‍ണറായും കുറച്ചു കാലം അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.

1986 ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1985ലും 1993 ലും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ചു. രാഷ്ട്രീയ നേതാവ് എന്നതിനുപരി അധ്യാപകന്‍, അഭിഭാഷകന്‍, പ്രാസംഗികന്‍, കായികതാരം എന്നീ നിലകളിലും അദേഹം ശ്രദ്ധേയനായിരുന്നു.

പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദേഹം വിശ്രമത്തിലായിരുന്നു.
പരേതയായ അച്ചാമ്മയാണ് ഭാര്യ. ജയ, ജെസ്സി, എലിസബത്ത്, ടിറ്റു എന്നിവര്‍ മക്കളാണ്.