മന്ത്രി അബ്ദുറബ്ബിന്റെ വീട്ടിലേക്ക് മത്സ്യത്തൊഴിലാളിക്വള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

പരപ്പനങ്ങാടി : നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഇന്ന് മന്ത്രി അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രിയുടെ വസതിയിലേക്കെത്തുന്നതിന് 50 മീറ്റര്‍ അകലെ വെച്ച് പോലീസിന്റെ വന്‍ സന്നാഹം മാര്‍ച്ച് തടഞ്ഞു.

2013 ജൂണ്‍ 25 ാ0ം തിയ്യതി ബേപ്പൂര്‍ അഴിമുഖത്തുണ്ടായ കാറ്റിലും കോളിലും പെട്ട് 21 വള്ളങ്ങള്‍ക്ക് അപകടം സംഭവിക്കുകയും ഈ വന്‍ദുരന്തം മൂലം 840 ഓളം കുടുംബങ്ങള്‍ വഴിയാധാരമാവുകയും ചെയ്തിരുന്നു. ഈ ദുരന്തം സംഭവിച്ചതിന് ശേഷം മല്‍സ്യ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും ആനുകൂല്ല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ കേരളാ ഗവണ്‍മെന്റിന് പലവട്ടം പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ മല്‍സ്യതൊഴിലാളികള്‍ക്ക് അനുകൂലമായ യാതൊരു നടപടിയോ സഹായമോ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും എന്‍ജിനും നഷ്ടപ്പെട്ട് 840 കുടുംബങ്ങള്‍ വഴിയാധാരമായിട്ടും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തതിലൂടെ സര്‍ക്കാറിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ സമീപനമാണ് വ്യക്തമാകുന്നതെന്ന് ടി. പീറ്റര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ മത്സ്യത്തൊഴിലാളി സമരം തുടരുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് ഫിഷറീസ് മന്ത്രിയുടെ വീട്ടിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ടി പീറ്റര്‍ പറഞ്ഞു.

ഫെഡറേഷന്‍ മലബാര്‍ മേഖലാ പ്രസിഡന്റ് അബ്ദുള്‍ റസാഖ്, എംപി ഉമ്മര്‍, എംപി ബഷീര്‍, കെ പി മജീദ്, കരണമന്‍ ഇസ്മയില്‍, കെ പി അബ്ദുള്‍ റഹ്മാന്‍കുട്ടി, കെ പി റസാഖ്, കെ സിറാജ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ എം പി മുഹമ്മദ്കുട്ടി, കെ യൂനസ്, പി ഹസ്സന്‍, പി കെ സത്താര്‍, കെ പി മുഹമ്മദ് അലി, കെ ഫൈസല്‍, കെ പി മുഹമ്മദ് കോയ, കെ പി സലാം എന്നിവര്‍ നേതൃത്വം നല്‍കി.