മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം; പോലീസിന് വീഴ്ചപറ്റി;മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇന്നലെ ശിവസേന നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തുമ്പോള്‍ പോലീസ് നോക്കുകുത്തിയായി എന്ന വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഹൈബി ഈഡന്‍ എംഎല്‍എയാണ് ഈ വിഷയം പ്രതിപക്ഷത്തിനു വേണ്ടി സഭയില്‍ ഉന്നയിച്ചത്. സഭനിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു.

കേരളത്തിന് ആകെ അപമാനകരമായ സംഭവമാണ് ഇന്നലെ മറൈന്‍ ഡ്രൈവില്‍ അരങ്ങേറിയതെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. സംഭവം നടക്കുന്നതിനിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനന്‍ പൊലീസിന് സാധിച്ചില്ലെന്നും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഇവര്‍ക്കെതിരെ ഗൂണ്ടാ നിയമം പ്രയോഗിക്കും ആവശ്യമെങ്കില്‍ യുഎപിഎ, കാപ്പ തുടങ്ങിയവ ചുമത്തുമെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സംരക്ഷണം ശിവസേനക്കാര്‍ക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു തരത്തിലും സദാചാര ഗൂണ്ടകളുടെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്നും പൊലീസിന്റെ കയ്യില്‍ ലാത്തി കൊടുത്തിരിക്കുന്നത് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവിലുണ്ടായ സദാചാര ഗൂണ്ടായിസത്തില്‍ 20  ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ശിവസേന എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.