മലേഷ്യന്‍ വിമാനത്തിന്റെ സിഗ്നലുകള്‍ റഡാറില്‍ പതിഞ്ഞതായി തായ്‌ലന്റ്

article-0-1C2D00FC00000578-387_634x433: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ സിഗ്നലുകള്‍ റഡാറില്‍ പതിഞ്ഞതായ പുതിയ വെളിപ്പെടുത്തലുമായി തായ്‌ലന്റ് സൈന്യം. എന്നാല്‍ അത് അപ്പോള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ലെന്നും സൈന്യം പറയുന്നു. വിമാനത്തിനായുള്ള തെരച്ചില്‍ 10 ദിവസം പിന്നിട്ട ശേഷമാണ് തായ്‌ലന്റിന്റെ ഈ വെളിപ്പെടുത്തല്‍.

26 രാജ്യങ്ങളാണ് വിമാനത്തിനായുള്ള തെരച്ചില്‍ നടത്തുന്നത് . മാര്‍ച്ച് 8 നാണ് 5 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 227 യാത്രക്കാരും, 12 ജീവനക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 യാത്രാ വിമാനം അപ്രത്യക്ഷമായത്.

അതേസമയം റഡാറിലെ സന്ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും തായ് എയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടു. വിമാനത്തിന്റെ സഞ്ചാരദിശയില്‍ പെട്ടെന്ന് ഒരു മാറ്റം വന്നിട്ടുള്ളതായും വിമാനം മനപൂര്‍വ്വം ആരോ വഴിതിരിച്ചു വിട്ടതാകാം എന്നുമുള്ള നിഗമനവുമാണ് തായ് സേനയുടെ വെളിപ്പെടുത്തല്‍. അതേ സമയം വിവരം കൈമാറാന്‍ വൈകിയതില്‍ തായ്‌ലന്റ് സൈന്യത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.