തിരൂരങ്ങാടിയില്‍ മാധ്യമ പ്രവർത്തകരെ പോലീസ് അപമാനിച്ച സംഭവം: പ്രസ്സ് ഫോറം പ്രതിഷേധിച്ചു

TGIതിരൂരങ്ങാടി: പ്രകൃതിവിരുദ്ധപീഡനക്കേസിലെ പ്രതികളുടെ സാന്നിദ്ധ്യത്തിൽ പൊതുസ്ഥലത്തുവെച്ച് മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ തിരൂരങ്ങാടി എസ്.ഐ യുടെ നടപടിയിൽ തിരൂരങ്ങാടി താലൂക്ക് പ്രസ്സ് ഫോറം പ്രതിഷേധിച്ചു. മനോരമ റിപ്പോർട്ടർ രജസ്ഖാനെയും, സി.ടി.വി. പ്രാദേശിക ചാനൽ റിപ്പോർട്ടർ നിസാർ വേങ്ങേരിയെയുമാണ് കഴിഞ്ഞ ദിവസം എസ്.ഐ ജോബിൻ ആന്റണി ജനമധ്യത്തിൽ അപമാനിച്ചത്. മൂന്നിയൂരിലെ പ്രകൃതി വിരുദ്ധ പീഡന കേസിലെ പ്രതികൾക്ക് പോലീസ് സൗകര്യം ചെയ്തു കൊടുത്തതായും പ്രതികളെ സ്വന്തം വാഹനത്തിൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തത് നേരത്തെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. തുടർന്ന് വാർത്ത വിവാദമാവുകയും സംഭവം അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിടുകയും ചെയ്തിരുന്നു. യോഗത്തിൽ ഹമീദ്തിരൂരങ്ങാടി അധ്യക്ഷനായി. പ്രസ്‌ഫോറം സെക്രട്ടറി ഇഖ്ബാൽ പാലത്തിങ്ങൽ, മുഷ്താഖ് കൊടിഞ്ഞി, രജസ്ഖാൻ മാളിയാട്ട്, ഷനീബ് മൂഴിക്കൽ, യു.എ.റസാഖ്, നിസാർ വേങ്ങേരി എന്നിവർ പ്രസംഗിച്ചു.