പരപ്പനങ്ങാടി കടപ്പുറത്ത് സ്ഫോടക വസ്തു കരക്കടിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു  

Story dated:Saturday April 8th, 2017,10 57:am
sameeksha

പരപ്പനങ്ങാടി:ഒട്ടുമ്മല്‍ കടപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ എന്ന് തോന്നിപ്പിക്കുന്ന ഉപകരണം കരക്കടിഞ്ഞത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരമാണ് ഒട്ടുമ്മല്‍ സൌത്തിലെ കടല്‍തീരത്തു ഇത് വന്നടിഞ്ഞത്‌.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു പരപ്പനങ്ങാടി എസ്.ഐ.ഷമീറിന്റെ നേതൃത്വത്തില്‍  പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. സ്ഫോടകവസ്തു എന്ന നിഗമനത്തില്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. തിരൂരില്‍ നിന്നുള്ള അഗ്നിശമനസേന സീനിയര്‍ ഫയര്‍മാന്‍ പി.പി.ജലീലിന്‍റെയും സ്റേഷന്‍ ഓഫീസര്‍ എം.ജി.സതീശന്റെയും നേതൃത്വത്തില്‍ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടും മഴയും കാരണം നിര്‍വീര്യമാക്കുന്നതിനുള്ള ശ്രമം വിജയിച്ചില്ല.

കപ്പലില്‍ ഉപയോഗിക്കുന്ന ഉപകരണമാണെന്നാണ് കരുതുന്നത്. ഉപ്പുവെള്ളത്തില്‍കിടന്നു ദ്രവിച്ചതുകാരണം ഏതുരാജ്യത്തിലെതാണന്നോ എന്താവശ്യത്തിനുള്ളതാണെന്നോ മനസ്സിലാക്കാനായിട്ടില്ല. എട്ടരയോടെ ഇന്ന് വിദഗ്ദ്ധപരിശോധനക്കായി കടപ്പുറത്ത് കുഴിചിട്ടശേഷം പോലീസുകാരെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിന്‍റെ ഫോട്ടോ എടുക്കുന്നത് പോലീസ് വിലക്കിയിരുന്നു.പൊട്ടിത്തെറിക്കുമെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനിടയില്‍ അമേരിക്കന്‍ നിര്‍മിത അജ്ഞാത വസ്തു കടലില്‍നിന്നു ലഭിച്ചിരുന്നു.