Section

malabari-logo-mobile

ഡിഫ്‌തീരിയയെ പടികടത്തുമെന്ന്‌ ‘മലപ്പുറം പ്രഖ്യാപനം’: പകര്‍ച്ചവ്യാധി മരണങ്ങളില്ലാത്ത കേരളം ലക്ഷ്യം – ആരോഗ്യ വകുപ്പ്‌ മന്ത്രി

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ പടര്‍ന്നു പിടിച്ച ഡിഫ്‌തീരിയക്കെതിരെ 100 ശതമാനം പ്രതിരോധ ശേഷി കൈവരിക്കുമെന്നും പകര്‍ച്ചവ്യാധി മരണങ്ങളില്ലാത്ത കേരളം യാഥാര്‍ഥ്യ...

മലപ്പുറം: ജില്ലയില്‍ പടര്‍ന്നു പിടിച്ച ഡിഫ്‌തീരിയക്കെതിരെ 100 ശതമാനം പ്രതിരോധ ശേഷി കൈവരിക്കുമെന്നും പകര്‍ച്ചവ്യാധി മരണങ്ങളില്ലാത്ത കേരളം യാഥാര്‍ഥ്യമാക്കുമെന്നും ആരോഗ്യ വകുപ്പിന്റെ ‘മലപ്പുറം പ്രഖ്യാപനം’. ഡിഫ്‌തീരിയ പ്രതിരോധ കുത്തിവയ്‌പ്‌ ശാക്തീകരണത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ ആരോഗ്യ – കുടുംബക്ഷേമ -സാമൂഹിക നീതി വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജയാണ്‌ പ്രഖ്യാപനം നടത്തിയത്‌.
കുത്തിവയ്‌പ്‌ പൂര്‍ണമാക്കാന്‍ എല്ലാവരും ഒന്നിച്ച്‌ മുന്നേറണം. കുപ്രചാരണം നടത്തുന്ന വ്യാജന്മാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിക്കും. സമൂഹത്തില്‍ അവര്‍ക്കുള്ള പിന്തുണ കുറഞ്ഞുവരികയാണ്‌. മലയാളിയുടെ ശുചിത്വബോധം മാറണമെന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഓടകള്‍ എല്ലാ അവശിഷ്‌ടങ്ങളും നിക്ഷേപിക്കാനുള്ള ഇടമായി കച്ചവടക്കാര്‍ കാണരുത്‌. കച്ചവടക്കാര്‍ തന്നെ കൂട്ടായി ചേര്‍ന്ന്‌ ഓടകള്‍ ശുചീകരിക്കുന്നതിന്‌ മുന്‍കയ്യെടുക്കണം. ഇതിനായി ജനകീയ കമ്മിറ്റികള്‍ രൂപവത്‌ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ പരിപാടിയില്‍ അധ്യക്ഷനായി. കുത്തിവയ്‌പ്‌ എടുക്കാതെ ഒരാളും അവശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ മുന്‍കയ്യെടുക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു. കുട്ടികള്‍ക്ക്‌ മാത്രമല്ല എത്ര പ്രായമുള്ളവര്‍ക്കും കുത്തിവയ്‌പ്‌ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. ഹജ്‌ കര്‍മത്തിന്‌ പോകുന്ന 70 ഉം 80 ഉം പ്രായമുള്ളവര്‍ക്ക്‌ പോലും വിസ അടിക്കണമെങ്കില്‍ കുത്തിവയ്‌പ്‌ നിര്‍ബന്ധമാണ്‌. ലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഹജ്‌ കര്‍മം കഴിഞ്ഞ്‌ രോഗങ്ങളില്ലാതെ അവര്‍ തിരിച്ചു വരുന്നതും രോഗാണു വഹിക്കാതെ അവര്‍ യാത്രയാകുന്നതും കുത്തിവയ്‌പ്‌ കാരണമാണെന്നും ഹജ്‌ വകുപ്പ്‌ മന്ത്രി കൂടിയായ കെ.ടി. ജലീല്‍ പറഞ്ഞു.
കുത്തിവയ്‌പിന്റെ അനിവാര്യതയിലേക്ക്‌ വിരല്‍ചൂണ്ടി പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മുട്ടയൂര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘അബ്‌ദുഹാജിയുടെ തിരുത്ത്‌’ തെരുവു നാടകം സദസില്‍ അവതരിപ്പിച്ചു. എം.എല്‍.എ.മാരായ പി. ഉബൈദുള്ള, ടി.എ. അഹമ്മദ്‌ കബീര്‍, പി.വി. അന്‍വര്‍, പി. അബ്‌ദുല്‍ ഹമീദ്‌, ടി.വി. ഇബ്രാഹീം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, മുന്‍ മന്ത്രി ടി.കെ. ഹംസ, ആരോഗ്യ വകുപ്പ്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി, ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. ആര്‍. രമേശ്‌, എന്‍.എച്ച്‌.എം. ഡയറക്‌ടര്‍ ജി.ആര്‍. ഗോകുല്‍, ആരോഗ്യ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. സുനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌, ഡി.പി.എം. ഡോ.വി. വിനോദ്‌, ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ. ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!