ഫൈസല്‍ വധക്കേസിലെ പ്രതിയെ വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

മലപ്പുറം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിലെ പതിനാലാം പ്രതി തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി ലിജേഷിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് സംഭവം.

ലിജേഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ വള്ളിക്കുന്ന് കൊടക്കാട് എന്ന സ്ഥലത്തുവെച്ച് പിറകില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറാണ് ലിജേഷ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. തെറിച്ചു വീണ ലിജേഷിന്റെ മുകളിലൂടെ കാര്‍ കയറ്റാനും ശ്രമം നടത്തി. എന്നാല്‍ നാട്ടുകാര്‍ ഓടികൂടിയതോടെ ഈ കാര്‍ നിര്‍ത്താതെ കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ ലിജേഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിജേഷിന്റെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.