കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് ഉടന്‍

മലപ്പുറം: കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് ആരംഭിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോസ് കണ്ണന്താനം പറഞ്ഞു. കൊണ്ടോട്ടി പി. എച്ച് സെന്ററിനോടനുബന്ധിച്ച് സ്ഥാപിച്ച ക്യാന്‍സര്‍ നിര്‍ണ്ണയ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ആവശ്യമായ സൗകര്യം ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പി. കെ. കുഞ്ഞാലിക്കുട്ടി എം. പി അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ ടി വി ഇബ്രാഹിം, പി.അബ്ദുള്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ ഐഷബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, എന്‍. എച്ച്. എം പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണന്‍, എയര്‍പോര്‍ട്ട് റീജിയണല്‍ എക്‌സിക്യൂട്ടീവ് എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.