ഇതര സംസ്ഥാനക്കാര്‍ക്കുള്ള ആവാസ് പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 4,554 തൊഴിലാളികള്‍.

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആവാസ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 4,554 തൊഴിലാളികള്‍. പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശുപത്രിയില്‍ വര്‍ഷത്തില്‍ 15000 രൂപ വരെയുള്ള സൗജന്യ ചികില്‍സ ലഭിക്കും. ഇതിനു പുറമെ അപകടത്തില്‍ മരണ സംഭവിക്കുകയാണെങ്കില്‍ രണ്ട് ലക്ഷം രൂപ വരെയും നല്‍കും.

18 വയസ്സുമുതല്‍ 50 വയസുവരെയുള്ളവരെയാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കണം.ഹോട്ടലുകള്‍ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് സ്ഥാപന മേധാവികള്‍ തന്നെ മുന്‍കൈ എടുത്താണ് റജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സൗജന്യ ചികില്‍സ നല്‍കുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനെ പുറമെ സ്വകാര്യ ആശുപത്രികളെ കൂടി പദ്ധതിയില്‍ പങ്കാളിയാക്കുതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ഈ ആശുപത്രികള്‍ മുഖേനെയാണ് ഇവര്‍ക്ക് ആനൂകല്യങ്ങള്‍ ലഭ്യമാക്കുക.
പദ്ധതിയില്‍ ആളുകളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2734814