മദ്രസാധ്യാപകന്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹനെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം: മദ്രസാ അധ്യാപകന് ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ ജില്ലാ പൊതുവിതരണ കേന്ദ്രം അധികൃതര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം. പെരുമ്പുഴ മണിപ്പറമ്പ് സൈതലവി എന്ന മദ്രസാധ്യാപകന്റെ പരാതിയിലാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇദ്ദേഹത്തിന് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ട്. തൊഴില്‍ സംബന്ധമായ മാര്‍ക്ക് നല്‍കിയതിലെ പിഴവാണ് ഇദ്ദേഹത്തെ അനര്‍ഹനാക്കിയതെന്ന് മലപ്പുറത്ത് നടന്ന സിറ്റിങിനുശേഷം കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ പറഞ്ഞു. 2500 രൂപയാണ് പരാതിക്കാരന്റെ പ്രതിമാസവരുമാനം. ഇത് കൂലിപ്പണിയെടുക്കുന്നവരേക്കാള്‍ താഴെയാണ്. മദ്രസാ അധ്യാപകരുടെ വേതനത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.
എപിഎല്‍ കാര്‍ഡ് മാറ്റിക്കിട്ടണമെന്ന ആവശ്യവുമായാണ് വഴിക്കടവ് സ്വദേശിയായ സാറാ ഉമ്മയും കമ്മീഷനെ സമീപിച്ചത്. വിവാഹമോചിതായ പരാതിക്കാരിക്ക് പൊതുവിഭാഗത്തില്‍ സബ്‌സിഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് സെക്രട്ടറിയോട് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെടും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ജൂണില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമെന്നും ചൂണ്ടിക്കാട്ടി ചമ്രവട്ടം സ്വദേശി അയിഷാബീവി നല്‍കിയ പരാതിയിലാണ് നടപടി. 2005 മുതല്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കുില്ലെന്ന് കാട്ടി ചെറിയമുണ്ടം സ്വദേശി ഖാസ്മി നല്‍കിയ പരാതിയില്‍ കമ്മീഷന്റെ നടപടികള്‍ ലക്ഷ്യം കണ്ടു. കമ്മീഷന്‍ നോട്ടീസ് അയച്ചതിനെതുടര്‍ന്ന് ഖാസ്മിക്ക് കരമടക്കാന്‍ റവന്യൂ അധികാരികള്‍ നടപടിയെടുക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് കോഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റംഗില്‍ 45 പരാതികളാണ് കമ്മീഷനുമുന്നില്‍ വന്നത്. 17 കേസുകള്‍ തീര്‍പ്പാക്കി. പി.എസ്.സി നിയമനം, റേഷന്‍കാര്‍ഡ്, പൊലീസ് നടപടികള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് കമ്മീഷനുമുന്നിലെത്തിയതെ് ചെയര്‍മാന്‍ പി.കെ ഹനീഫ പറഞ്ഞു.