തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോ;എം വി ജയരാജന്‍

09-mv-jayarajanതിരുവനന്തപുരം: ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് സി പി എം നേതാവ് എം വി ജയരാജന്‍. ശുംഭന്‍ എന്നു വിളിച്ചതിന് തന്നെ ശിക്ഷിച്ചത് തീര്‍ത്തും പക്ഷപാതപരമായിട്ടാണെന്ന് ജയരാജന്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം പൂജപ്പുരയിലെ പാതയോരത്ത് നടത്തിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോ എന്നാണ് ജയരാജന്‍ ചോദിക്കുന്നത്. ജഡ്ജിമാര്‍ പ്രതിസ്ഥാനത്തായ സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞ ജയരാജന്‍, പാറ്റൂര്‍ കേസിലെ ലോകായുക്തയുടെ നിലപാട് അതിശയിപ്പിക്കുന്നതാണെന്ന് പറഞ്ഞു. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ പതിനൊന്നോടെയാണ് ജയരാജന്‍ പുറത്തിറങ്ങിയത്. ജയരാജനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തഹാരമണിയിച്ചു സ്വീകരിച്ചു. ജയില്‍ മോചിതനായ ജയരാജന്‍ ആലപ്പുഴയില്‍ സി പി ഐ (എം) സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു.

പാതയോരപൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ ട്വണ്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് കോടതികളില്‍ ചില ശുംഭന്‍മാരായ ജഡ്ജിമാരുണ്ടെന്ന് ജയരാജന്‍ പ്രസംഗിച്ചത്.