കാലിത്തീറ്റ കുംഭകോണം;ലാലുവിന്റെ വിധി നാളെ

പാട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതരായ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. റാഞ്ചി പ്രത്യേക സിബിഐ കോടതി അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്ന് ശിക്ഷവിധിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ഇന്ന് വിധി പറയുന്നത്. കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് ഡിസംബര്‍ 23 ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുള്‍പ്പെടെ അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നുന്നു. ഡിസംബര്‍ 13 നാണ് കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയത്.

മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിന്റെ പേരിലുള്ളത്. 70 വയസ്സുള്ള ലാലുവിന് ഒട്ടേറെ അസുഖങ്ങള്‍ ഉള്ളത് കൊണ്ട് പരമാവധി ശിക്ഷ കുറച്ച് നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

1991 മുതല്‍ 1994 വരെയുള്ള കാലത്താണ് കാലിത്തീറ്റ കുംഭകോണം നടന്നത്. 21 വര്‍ഷം സിബിഐ അന്വേഷണം നീണ്ട കേസിലാണ് വിധി.