കുവൈത്തിലേക്ക് വേലക്കാരികളെ അയക്കില്ല; തൊഴിലാളി ക്ഷാമം രൂക്ഷമാകും

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വേലക്കാരികളെ അയക്കില്ലെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ തീരുമാനമെടുത്തതോടെ രാജ്യത്ത് തൊഴാലിളി ക്ഷാമം രൂക്ഷമാകുന്നു. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്കമാത്രമാണ് കുവൈത്തിലേക്ക് വേലക്കാരികളെ അയക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

ഇന്ത്യ, നേപ്പാള്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വേലക്കാരികളെ അയക്കുന്നത് നിര്‍ത്തിവെച്ചതോടെയാണ് കുവൈത്തില്‍ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ വലിയക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയത്.

വലിയ തോതില്‍ തൊഴിലിടങ്ങളില്‍ നിന്ന് പീഡനങ്ങളും ചൂഷണവും നേരിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വീട്ടുജോലിക്കാരെ അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഈ പ്രശ്‌നത്തില്‍ രാജ്യം വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ മാത്രമാണ് ഉപാധികളോടെ വേലക്കാരികളെ അയാക്കാന്‍ സമ്മതമറിയിച്ചിരിക്കുന്നത്.

അതെസമയം റിക്രൂട്ടിങ് ഫീസ് വര്‍ദ്ധിപ്പിച്ചതും രാജ്യത്ത് ആവശ്യത്തിന് വേലക്കാരികളെ ലഭ്യമാക്കാന്‍ സാധിക്കില്ലെന്നതും ഇതിന് തടസമായിട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ വരവ് കുറയുന്നതോടെ ശ്രീലങ്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്നത്.