കുവൈത്തില്‍ മുഴുവന്‍ പ്രവാസികളെയും സ്മാര്‍ട്ടാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് മുഴുവന്‍ വിദേശികളെയും സ്മാര്‍ട്ടാക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ആദ്യ പടിയായി ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം-ഇ സംവിധാനത്തിലേക്ക് മാറ്റുകയാണ്. എല്ലാ വ്യക്തികളുടെയും എല്ലാ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയും സാങ്കേതിക അതോറിറ്റി ചെയര്‍മാനുമായ അനസ് അല്‍ സാലെ അറിയിച്ചു.

മുപ്പത് ലക്ഷം വരുന്ന വിദേശികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ ഓഫീസുകള്‍ കയറിയിറങ്ങാതെ മൊബൈല്‍ ആപ്പ് വഴി ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

പുതിയ പദ്ധതി നടപ്പില്‍ വരുത്തുമ്പോഴും സേവന നിരക്കില്‍ മാറ്റം ഉണ്ടായിരിക്കില്ല. ഇത് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഒരു ദിനാറും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിനാറും(തൊഴിലുടമ വഹിക്കണം)കുടംബാഗത്തിന് ഒരു ദിനാറുമായിരിക്കും സേവന നിരക്ക് ഈടാക്കുക.

ഹെല്‍ത്ത് ഇന്‍ഷൂര്‍ന്‍സ് സേവനത്തിന് പുറമെ മറ്റ് സര്‍ക്കാര്‍ സേവനങ്ങളും ഇ സംവിധാനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുവൈത്തിനെ വാണിജ്യ-സാമ്പത്തിക ഹബ് ആക്കി മാറ്റുക എന്ന അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ കാഴ്ചപ്പാടാണ് ഇത്തരത്തില്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles