കുറ്റിപ്പുറം ചമ്രവട്ടം ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായി

Story dated:Wednesday December 16th, 2015,05 55:pm
sameeksha sameeksha

kuttippuram national highwayപൊന്നാനി: കുറ്റിപ്പുറം ചമ്രവട്ടം ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ട്‌ ഘട്ടങ്ങളിലായുള്ള കുറ്റിപ്പുറം പുതുപൊന്നാനി ദേശിയപാത 17 ബൈപാസ്‌ റോഡിന്റെ ആദ്യഘട്ട നിര്‍മാണോദ്‌ഘാടനം ജനുവരി 16 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന്‌ പി.ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എ പറഞ്ഞു. രണ്ടാംഘട്ടമായ ചമ്രവട്ടം ജംഗ്‌ഷന്‍ പുതുപൊന്നാനി റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. കുറ്റിപ്പുറം പാലം മുതല്‍ ചമ്രവട്ടം ജംഗ്‌ഷന്‍ വരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ പൂര്‍ത്തിയായത്‌.

20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭൂമിഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ഭാഗമാണിത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പലകാരണത്താലും പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.

പദ്ധതി വൈകിയതിനെ തുടര്‍ന്ന്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട്‌ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കുകയും സംസ്ഥാന ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ സംസ്ഥാന ഫണ്ട്‌ ഉപയോഗിച്ചും ദേശീയപാത നിര്‍മ്മാണം നടത്തിയ മൂന്ന്‌ പാളികളായി കയര്‍മാറ്റ്‌ വിരിച്ച്‌ കൊണ്ട്‌ ശാസ്‌ത്രീയ രീതിയിലാണ്‌ റോഡിന്റെ നിര്‍മ്മാണം കേരള കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. പാതയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി കുറ്റിപ്പുറം പാലത്തോട്‌ ചേര്‍ന്ന്‌ റൗണ്ട്‌ എബൗട്ടും അയങ്കലം ചമ്രവട്ടം ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്‌.