ഭൂചലനം : ആശങ്ക വേണ്ടെന്ന് പഠന സംഘം

കോഴിക്കോട് : കോഴിക്കോട്  ജില്ലയില്‍ എട്ട് വില്ലേജുകളിലുണ്ടായ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ബുധനാഴ്ച ഭൂചലനബാധിത പ്രദേശങ്ങള്‍ പരിശോധിക്കാനെത്തിയ തിരുവനന്തപുരം ഹസാര്‍ഡ് വളനറബിലിറ്റി ആന്റ് റിസ്‌ക് അസസ്‌മെന്റ് സെല്ലിലെ (എച്ച്.വി.ആര്‍.എ) സീനിയര്‍ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് ഡോ.എച്ച് വിജിത് അറിയിച്ചു. ബുധനാഴ്ച ജില്ലാ കളക്ടര്‍ സി.എ ലതക്കൊപ്പം ബേപ്പൂര്‍, ഗോതീശ്വരം, മാറാട്, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ 20 ഓളം വീടുകള്‍ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊജക്റ്റ് ഫെല്ലോകളായ സിജു തങ്കപ്പന്‍, റംഷീന കെ.വി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തോത് കുറഞ്ഞുവരുന്നതായാണ് പീച്ചിയിലെ കെ.എഫ്.ആര്‍.ഐ യില്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) ശാസ്ത്രജ്ഞ ഡോ. ശ്രീകുമാരി രേഖപ്പെടുത്തിയത്. ഭൂചലനം ഈ ദിവസങ്ങളില്‍ യഥാക്രമം 3.5, 3.1, 2.6, 2.2 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. തോത് കൂടിവരുന്നത് അപായ സൂചനയാണ്. എന്നാല്‍ തോത് ഓരോ ദിവസവും കുറയുന്നത് ചലനം ഒന്നോ രണ്ടോ ദിവസത്തോടെ നില്‍ക്കുമെന്നതിന്റെ സൂചനയാണ്.
ബേപ്പൂര്‍, ചെറുവണ്ണൂര്‍, കരുവന്‍തുരുത്തി, കടലുണ്ടി, രാമനാട്ടുകര, ഫറോക്ക്, നെല്ലിക്കോട്, കോട്ടൂളി വില്ലേജുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച നടന്ന പരിശോധനയില്‍ ചെറുവണ്ണൂരിലെ രണ്ട് വീടുകള്‍ക്കാണ് ഭൂകമ്പ പ്രദേശത്തുണ്ടാകുന്ന വിളളല്‍ കണ്ടതെന്ന് ഡോ. എച്ച് വിജിത് പറഞ്ഞു. ഇവിടെ രണ്ടു വീടുകള്‍ക്ക് വ്യക്തമായ വിളളലുണ്ടായിട്ടുണ്ട്. ഭൂമിയിലും ചെറിയ വിളളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഭൂകമ്പം നിര്‍ണയിക്കാനുളള പീച്ചിയിലെ കേന്ദ്രം 200 കി.മീറ്റര്‍ ചുറ്റളവിലുളള ഭൂചലനം രേഖപ്പെടുത്തും. വൈദ്യുതി ബോര്‍ഡും ജലസേചന വകുപ്പും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി ഇത്തരം ഭൂകമ്പ മാപിനികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഭൂകമ്പ നിര്‍ണ്ണയത്തിന് കൂടുതല്‍ വ്യക്തതയുണ്ടാവും.
സംഘത്തോടൊപ്പം കളക്ടറേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ജൂനിയര്‍ സൂപ്രണ്ട് കെ.മുരളീധരന്‍, കോഴിക്കോട് താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍ എന്നിവരുമുണ്ടായിരുന്നു. സംഘം ഇന്ന് (ഡിസംബര്‍ 12) കടലുണ്ടി, ഫറോക്ക് വില്ലേജുകളില്‍ പരിശോധന നടത്തും. പഠന റിപ്പോര്‍ട്ട് താമസിയാതെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.