കണ്ണൂര്‍ സലിം വാഹനാപകടത്തില്‍ മരിച്ചു

Kannur-Salim

കണ്ണൂര്‍: പ്രമുഖ മാപ്പിളപ്പാട്ട്‌ കലാകാരനായ കണ്ണൂര്‍ സലിം വാഹനാപകടത്തില്‍ മരിച്ചു. സലിം സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ചാണ്‌ അപകടമുണ്ടായത്‌. കണ്ണൂര്‍ ചാലയില്‍ വച്ച്‌ ഞായറാഴ്‌ച രാത്രി ഒന്‍പതുമണിയോടെയാണ്‌്‌ അപകടമുണ്ടായത്‌. കാറില്‍ സലിം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക്‌ പോവുകയായിരുന്നു സലിം. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകളില്‍ സലിം പാടിയിട്ടുണ്ട്‌. മണിത്താലി, നായകന്‍, ജഡ്‌ജ്‌മെന്റ്‌, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്‌. മമ്മുട്ടി നായകനായ മണിത്താലിയിലും മോഹന്‍ലാല്‍ നായകനായ നായകനിലും അഭിനയിച്ചിട്ടുണ്ട്‌.

വളപട്ടണത്തെ കെ എന്‍ മഹമൂദിന്റെയും കെ വി ബിഫാത്തുവിന്റെയും മകനാണ്‌. ഭാര്യ: ലൈല. മക്കള്‍: സലീബ്‌, സജില, സലില്‍, സജിലി. മരുമക്കള്‍: ഫായിസ്‌, ഷബാസ്‌. സഹോദരങ്ങള്‍: അസീസ്‌, നിസാര്‍,ഫൈസല്‍, ഷക്കീല്‍, സീനത്ത്‌, റക്‌സാന.