കണ്ണൂരില്‍ റിപോളിങ്ങ് ആവശ്യം തള്ളി

pollling at kannurകണ്ണൂര്‍ : സിപിഎമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ടും, ബൂത്തുപിടിത്തവും നടത്തിയെന്നാരോപിച്ചു കണ്ണൂര്‍ ലോക്‌സഭാ മണ്ഡത്തിലെ നൂറോളം ബൂത്തുകളില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.  പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ  ജില്ലാ കളക്ടര്‍ പി ബാലകിരണിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും ബന്ധപ്പെട്ട ബൂത്തുകളിലെ പോളിങ്ങ് ഉദേ്യാഗസ്ഥരില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങ് വേണ്ടെന്ന തീരുമാനമെടുത്തത്.    തളിപറമ്പ്, മട്ടന്നൂര്‍ , ധര്‍മടം നിയമസഭാമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന നൂറോളം പോളിങ്ങ് സ്റ്റേഷനുകളില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട്  യുഡിഎഫ്  സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ചീഫ് ഏജന്റ്  കെ സുരേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.  ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വെബ് ക്യാമറാ ദൃശ്യങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടുചെയ്തവര്‍ നല്‍കിയ സത്യവാങ്മൂലവും പരിശോധിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.