നിസാമിനെതിരെ കാപ്പാ ചുമത്താനാകില്ല

Untitled-2 copyതൃശ്ശൂര്‍:വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ ഗുണ്ടാ നിയമമായ കാപ്പ ചുമത്താനാകില്ല. മുന്‍കാല കേസുകള്‍ ഒത്തുതീര്‍പ്പിലാക്കിയത് കാപ്പാ നിയമം ചുമത്താനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടിയാകും. നിസാമിനെതിരെ കാപ്പ ചുമത്തുമെന്നും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാപ്പാ ചുമത്തണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച മൂന്നു കേസുകളില്‍ പ്രതിയാകണം. നിസാമിനെതിരെ നിലവിലുള്ളത് മൂന്നു കേസുകള്‍ മാത്രമാണ്.

ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുളളതെന്നതും പൊലീസിനെ പ്രതിരോധത്തിലാക്കും. ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് നിസാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ കാപ്പാ ചുമത്താന്‍ സാധിക്കു.സാമൂഹ്യ വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരായ കാപ്പ നിയം ചുമത്താന്‍ തൊട്ടുമുമ്പുള്ള ഏഴ് വര്‍ഷത്തെ കേസുകളാണ് പരിഗണിക്കുക. ആറു വര്‍ഷത്തിനിടയില്‍ 16 കേസുകളിലാണ് നിസാം പ്രതിയായത്. ഇവയില്‍ അടിപിടി മുതല്‍ കൊലപാതകം വരെ ഉള്‍പ്പെടുന്നു.

എന്നാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് പല കേസുകളില്‍ നിന്നും നിസാം രക്ഷപ്പെടുകയായിരുന്നു. ഒമ്പത് വയസ്സുകാരനായ മകനെ കൊണ്ട് ഫെറാരി ഓടിച്ചതുമായി ബന്ധപ്പെട്ട കേസിലും വനിതാ എസ്‌ഐയെ കാറിനുള്ളില്‍ പൂട്ടിയിട്ട കേസിലുമാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ വിചാരണ നടക്കുന്നത്. വനിതാ എസ്‌ഐയെ പൂട്ടിയിട്ട കേസ് പൊലീസ് സ്വമേധയാ എടുത്തതായതിനാല്‍ കാപ്പ ചുമത്താന്‍ സാധിക്കില്ല.

സഹോദരന്റെ ഭാര്യയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ ദുരുപയോഗം ചെയ്തതു സംബന്ധിച്ച കേസ്, ബിസിനസുകാരനായ അബ്ദുല്‍ റസാക്ക് നല്‍കിയ പരാതിയില്‍ മേലുളള കേസ്, വേലൂര്‍ സ്വദേശിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങിയ കേസുകളും നിസാമിനെതിരെ നിലനിന്നിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിസാം ഹൈക്കോടതിയില്‍ മൂന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാത്തതിനാല്‍ മൂന്നിലും വിധി നിസാമിന് അനുകൂലമായി.