ഇന്ദിരാ ആവാസ്‌ യോജന -20,537 വീടുകള്‍ പൂര്‍ത്തിയായി

iayLogoമലപ്പുറം: ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ഇതര സമുദായത്തില്‍പ്പെട്ടവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മിച്ച്‌ നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ദിരാ ആവാസ്‌ യോജനയിലൂടെ കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ 20,537 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 60% പട്ടികജാതി-വര്‍ഗക്കാര്‍ക്കും 15% ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ഉറപ്പുവരുത്തുന്നുണ്ട്‌. 70,000 രൂപയാണ്‌ ഇന്ദിരാ ആവാസ്‌ യോജന പ്രകാരം ലഭ്യമാകുന്ന സഹായ തുക. 2012-13 മുതല്‍ സംസ്ഥാനത്തെ വീടുകളുടെ യൂനിറ്റ്‌ കോസ്‌റ്റ്‌ പട്ടികജാതി-ഇതര സമുദായക്കാര്‍ക്ക്‌ രണ്ട്‌ ലക്ഷവും പട്ടിക വര്‍ഗക്കാര്‍ക്ക്‌ 2.5 ലക്ഷവുമായി സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ വീടൊന്നിന്‌ 50,000 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്‌. ബാക്കി തുക വിഹിതമായി സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തുകയുമാണ്‌ ചെയ്യുന്നത്‌. പദ്ധതിയിലെ ഗുണഭോക്താക്കളെ ഗ്രാമസഭ മുഖേന തിരഞ്ഞെടുത്ത്‌്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖേനെയാണ്‌ ധനസഹായം നല്‍കുന്നത്‌.
2014- 15 ല്‍ കേന്ദ്ര വിഹിതം 3498.08 ലക്ഷവും സംസ്ഥാന വിഹിതം 1166.02 ലക്ഷവും ലഭ്യമായ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗത്തില്‍ 2,654 വീടുകളുടെയും പട്ടികവര്‍ഗ വിഭാഗത്തില്‍ 115 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 2,220 വീടുകളുടെയും ജനറല്‍ വിഭാഗത്തില്‍പെട്ടവരുടെ 1,124 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. അതോടൊപ്പം പട്ടികജാതി-ന്യൂനപക്ഷ വിഭാഗങ്ങളുടെ 11 വീടുകളുടെ പുനരുദ്ധാരണത്തിനായി ഒമ്പത്‌ ലക്ഷം ചെലവഴിച്ചു. 2015- 16 ല്‍ ഇതുവരെ 179.75 ലക്ഷം ഉപയോഗിച്ച്‌ 140 വീടുകളുടെ പണി ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്‌. 2011- 12 ല്‍ 2388.28 ലക്ഷത്തിന്‌ 4502 വീടുകള്‍ നിര്‍മിച്ചപ്പോള്‍ 2012-13 കാലയളവില്‍ 4,131 വീടുകളാണ്‌ 2435 ലക്ഷത്തിന്‌ പൂര്‍ത്തീകരിച്ചത്‌. 2013-14 ല്‍ 6,113 വീടുകളും 3848.09 ലക്ഷം ചെലവഴിച്ച്‌ നിര്‍മിച്ചിരുന്നു.