ടോയ്‌ലെറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് ഭര്‍ത്താവ് ഉറപ്പ് നല്‍കി ; ഭാര്യ തിരിച്ച് വീട്ടിലെത്തി

മദ്ധ്യപ്രദേശ് : ഭര്‍ത്താവ് ടോയ്‌ലെറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 27 കാരിയായ ഭാര്യ തിരിച്ച് വീട്ടിലെത്തി. കോടതി മുമ്പാകെയാണ് ഭാര്യക്ക് ഭര്‍ത്താവ് വാക്ക് നല്‍കിയത്.

സവിത എന്ന ദളിത് യുവതിയാണ് മുപ്പത്കാരനായ ദേവ്കരണ്‍ മാല്‍വിയ എന്ന തന്റെ ഭര്‍്ത്താവിനെ 7 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 3 വര്‍ഷം മുമ്പ് ഉപേക്ഷിച്ച് രണ്ട് മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയത്.

ഭര്‍തൃവീട്ടില്‍ ടോയ്‌ലെറ്റ് ഇല്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ബുദ്ധിമുട്ടും നാണക്കേടും കാരണമാണ് സവിത വീട് വിട്ടിറങ്ങിയത്. പിന്നീട് ഇക്കാരണങ്ങള്‍ ചൂണ്ടികാട്ടി സവിത കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ വീട്ടില്‍ വേണ്ട സൗകര്യങ്ങളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസ് വാദം കേള്‍ക്കുന്ന സമയത്ത് ടോയ്‌ലെറ്റ് ഇല്ലാതെ താന്‍ ഭര്‍തൃ വീട്ടിലേക്ക് മടങ്ങില്ലെന്ന് സവിത വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കോടതി മുമ്പാകെ ഭര്‍ത്താവ് ടോയ്‌ലെറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സവിത ഭര്‍ത്താവിനൊപ്പം പോകാന്‍ സമ്മതിക്കുകയായിരുന്നു.