ഹൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തിലെ മലയോര മേഖലയിലെ 13 ബൂത്തുകളും താനൂരില്‍ രണ്ടും തവനൂരില്‍ അഞ്ചും ബൂത്തുകള്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും പോളിങ് സാമഗ്രികള്‍ക്കും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് കലക്റ്റര്‍ അറിയിച്ചു.

പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍, ഐ.റ്റി.ഡി.പി. – വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കോളനി നിവാസികള്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഡയറക്റ്ററി തയ്യാറാക്കും. ബി.എസ്.എന്‍.എല്‍. ശൃംഖലയില്ലാത്ത പ്രദേശങ്ങളില്‍ മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കും. അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം കോളനികളിലുള്ളവര്‍ക്ക് ബൂത്തുകളിലെത്താന്‍ കുറെ ദൂരം നടക്കേണ്ടതിനാല്‍ ഊടുവഴികളിലും സുരക്ഷാ സംവിധാനമൊരുക്കും.

പൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകളില്‍ സായുധ സേനയുടെയും മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും സാന്നിധ്യം ഉറപ്പാക്കും. മൊബൈല്‍ സ്‌ക്വാഡ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് കൂടാതെ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കുമെന്ന് കലക്റ്റര്‍ അറിയിച്ചു.