മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് ഉടുള്‍പ്പൊട്ടല്‍;5 പേര്‍ മരിച്ചു

മലപ്പുറം: മഴയില്‍ ജില്ലയിലെ മലയോര മേഖലയായ നിലമ്പൂര്‍, കാളികാവ്, കരുവാരക്കുണ്ട് മേഖലയില്‍ ഉരുള്‍പ്പൊട്ടി. നിലമ്പൂരിലെ എരുമമ്മുണ്ടയില്‍ പട്ടിക ജാതി, വര്‍ഗ കോളനിക്ക് സമീപം ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ചെട്ടിയംപാറ കോളനി സ്വദേശി പമ്പാടന്‍ കുഞ്ഞി, മരുമകള്‍ ഗീത, മക്കളായ നവനീത്(4),നിവേദ്(3), മിഥുന്‍(19) എന്നിവരാണ് മരിച്ചത്. മണ്ണിനടയില്‍കുടുങ്ങിയ ഗീതയുടെ ഭര്‍ത്താവ് പറമ്പാടന്‍ സുബ്രഹ്മണ്യന്‍ എന്ന കുട്ടനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഇവിടെ കോളനിയിലെ അഞ്ച് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. നിലമ്പൂര്‍ ടൗണും പരിസരവും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കരുവാരക്കുണ്ടില്‍ കൂമ്പന്‍മലയുടെ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഏക്കര്‍ കണക്കിന് കൃഷി നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കാളികാവ് അടക്കാകുണ്ട്, മാഞ്ചോല, റാവുത്തന്‍കാട്, പുല്ലേങ്കാട് എസ്സ്‌റ്റേറ്റ് ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടി. ചാലിയാറില്‍ വെളളം കയറിയതിനെ തുടര്‍ന്ന് എടവണ്ണ, വാഴക്കാട്, അരീക്കോട് എന്നിവിടങ്ങളില്‍ വെള്ളം കയറി. മമ്പാട്, നിലമ്പൂര്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി.

ഊട്ടി-കോഴിക്കോട് റോഡില്‍ വാലില്ലാപ്പുഴയില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരിക്കുകയാണ്. ജില്ലയുടെ അതിര്‍ത്തിയായ തിരുത്തിയാട്, പൊന്നേമ്പാടം, വാഴയൂര്‍, മുളപ്പുറം എന്നിവിടങ്ങളും വെള്ളം കയറിയിട്ടുണ്ട്.

Related Articles