ആരോഗ്യനയം നവംബര്‍ മാസത്തോടെ നിലവില്‍ വരും കെ കെ ശൈലജ ടീച്ചര്‍

health dptകേരളത്തില്‍ ജനകീയ ആരോഗ്യനയം നവംബര്‍ മാസത്തോടെ നിലവില്‍ വരും എന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത്‌ സമഗ്രമായ ആരോഗ്യനയം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്‌.

ആരോഗ്യനയം രൂപീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി 17 അംഗങ്ങളുളള ഒരു വിദഗ്‌ധസമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ആദ്യ യോഗം ഇന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്നു.

മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, ആരോഗ്യനയം രൂപീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി രൂപീകരിച്ച വിദഗ്‌ധസമിതി സമതിയുടെ ചെയര്‍മാന്‍ ഡോ. ബി ഇക്‌ബാല്‍, കണ്‍വീനര്‍ ഡോ. കെ പി അരവിന്ദന്‍ തുടങ്ങി മുഴുവന്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

വിദഗ്‌ധമായ ചര്‍ച്ചകള്‍ക്ക്‌ ശേഷം നവംബര്‍ അവസാനത്തോടെ ആരോഗ്യനയത്തിന്റെ കരട്‌ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ജനകീയമായ ഒരു ആരോഗ്യനയം ആയിരിക്കും സംസ്ഥാനത്ത്‌ രൂപീകരിക്കാന്‍ പോകുന്നത്‌ എന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്‌ സഹായകമാകുന്ന രീതിയില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പ്രൊഫഷണലുകളുടെയും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ഇതിനായി ശേഖരിക്കും.

വ്യത്യസ്‌ത കേന്ദ്രങ്ങളില്‍ കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പ്‌ ചെയ്‌ത്‌ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക്‌ ഇമെയില്‍, ഫെയ്‌സ്‌ബുക്ക്‌, വാട്ട്‌സ്‌ആപ്പ്‌ തുടങ്ങിയ നവമാധ്യമങ്ങള്‍വഴി ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന അഭിപ്രായങ്ങള്‍ കമ്മിറ്റിയെ അറിയിക്കാം. പ്രൈമറി തലം മുതല്‍ എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിക്കുന്നതായിരിക്കും പുതിയ ആരോഗ്യനയം.

പ്രാഥമികാരോഗ്യ പരിരക്ഷക്കും രോഗപ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്നത്‌ ആധുനിക ചികിത്സാസമ്പ്രദായങ്ങള്‍ മുഴുവന്‍ പൗരന്‍മാര്‍ക്കും അനുഭവയോഗ്യമാക്കുന്നതുമായ കാര്യങ്ങള്‍ ആരോഗ്യനയത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്‌. എല്ലാ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാണ്‌ രൂപീകരിക്കുക.