നെടുമ്പാശ്ശേരി സ്വര്‍ണ്ണകടത്ത്; നടി മൈഥിലിയെ ചോദ്യം ചെയ്‌തേക്കും

2കൊച്ചി : നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണകടത്ത് കേസില്‍ നടി മൈഥിലിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ്. സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫയാസുമയി മൈഥിലിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നോട്ടീസ്. ഫയാസ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ മൈഥിലി ഉപയോഗിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് മൈഥിലിയെ ചോദ്യം ചെയ്യാന്‍ അനേ്വഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ഫയാസുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിനെ ചോദ്യം ചെയ്തിരുന്നു. ഒരു നടിയാണ് ഫയാസിന് തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്ന് ശ്രവ്യ ഇന്നലെ സിബിഐക്ക് മൊഴി നല്‍കിയിരുന്നു.

അതേ സമയം ഫയാസ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഫയാസിന്റെ കുടുംബവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും മൈഥിലി പ്രതികരിച്ചു. ഫയാസിന്റെയും തന്റെയും ഒരു പൊതു സുഹൃത്ത് വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും മൈഥിലി പറഞ്ഞു. സ്വര്‍ണ്ണ കടത്തുമായി തനിക്ക് യാതാരു ബന്ധവുമില്ലെന്നും ശ്രവ്യയെ ഫയാസിന് പരിചയപ്പെടുത്തി കൊടുത്തത് താനല്ലെന്നും മൈഥിലി പറഞ്ഞു. ഫയാസുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും സിബിഐ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മൈഥിലി പറഞ്ഞു.