സ്വര്‍ണത്തിന് 3% വും ബിഡിക്ക് 28% വും നുകുതി

ദില്ലി: സ്വര്‍ണത്തിന് മൂന്ന് ശതമാനവും ബിഡിക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നിലവില്‍ സ്വര്‍ണത്തിന് ഒരു ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയിരുന്നത്. സ്വര്‍ത്തിന്റെ നികുതി വര്‍ധിപ്പിച്ചതിലൂടെ 300 കോടിയുടെ അധികവരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിഗരറ്റിന് 200 ശതമാനം സെസും 28 ശതമാനം നികുതിയും 500 രൂപവരെയുള്ള പാദരക്ഷകള്‍ക്ക് അഞ്ച് ശതമാനവും വിലയുള്ളവയ്ക്ക് 18 ശതമാനവും നികുതി നല്‍കണം. എല്ലാ തരം ബിസ്‌കറ്റുകള്‍ക്കും 18 ശതമാനവും നികുതി ബാധകമായിരിക്കും. കോട്ടണ്‍ തുണിക്ക് അഞ്ച് ശതമാനം റെഡിമെയ്ഡ് തുണികള്‍ക്ക് 12 ശതമാനം, സെന്തറ്റിക് റെഡിമെയ്ഡ് ഇനങ്ങള്‍ക്ക് 18 ശതമാനം, വസ്ത്രങ്ങള്‍ക്ക് 12 ശതമാനം എന്നിങ്ങനെയാണ് തുണിത്തരങ്ങളുടെ നികുതി. ആട്ടപോലുള്ള ധാന്യങ്ങള്‍ക്കും രജിസ്‌റ്റേര്‍ഡ് ട്രേഡര്‍മാര്‍ക്കും പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ അഞ്ച് ശതമാനം നികുതി നല്‍കേണ്ടി വരും. എന്നാല്‍ ട്രേഡ്മാര്‍ക്ക് ഇല്ലാത്തവയ്ക്ക് ഈ നികുതി ബാധകമല്ല. കയര്‍, കശുവണ്ടി,പളൈവുഡ് തുടങ്ങിയവയുടെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.

അതെസമയം മിലിറ്ററി ക്യാന്റീനുകള്‍ക്ക് മാത്രമേ ചരക്കുസേവന നികുതിയില്‍ നിന്ന് ഇളവു ലഭിക്കുകയുള്ളു. പാരമിലിറ്ററി, പോലീസ് ക്യാന്റീനുകള്‍ക്ക് ഇളവ് ബാധകമല്ല.