ഫ്രാന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക്‌ ട്രക്ക്‌ ഓടിച്ച്‌ കയറ്റി 80 മരണം

imagesനീസ്: ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യ കുരുതി നടത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ബാസ്റ്റിലെ ദിനത്തോട് അനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിന് ശേഷമായിരുന്നു നൈസിനെ ചോരപ്പുഴയാക്കി മാറ്റിയ ഭീകാരാക്രമണം നടന്നത്. നൈസിലെ റോഡിലെങ്ങും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ മാത്രമാണുള്ളത്.

കരിമരുന്ന് പ്രയോഗം കണ്ട് ആഹ്‌ളാദഭരിതയായിരുന്ന ജനക്കൂട്ടത്തിനു നേരെ പാഞ്ഞെത്തിയ ട്രക്ക് ആളുകളെ ചതച്ചരച്ചു കളഞ്ഞു. ഭയചകിതരായ ജനങ്ങള്‍ നാലുപാടും ചിതറി ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി അവരെയെല്ലാം ട്രക്കിന്റെ കൂറ്റന്‍ ടയറുകള്‍ക്ക് ഇരയാക്കി. ഉടന്‍ തന്നെ പൊലീസും സുരക്ഷാസേനയും പാഞ്ഞെത്തി ഇയാളെ വെടിവെച്ചു കൊന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസിലെ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിന്റെ മുറിവ് ഉണങ്ങുന്നതിന് മുമ്പാണ് ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു ആക്രമണം. സംഭവം ഭീകരാക്രമണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.