ഫറോക്കില്‍ ബൈക്കപകടത്തില്‍ കോട്ടക്കല്‍ സ്വദേശി മരിച്ചു; സഹയാത്രികന്‌ ഗുരുതരപരിക്ക്‌

kottakalഫറോക്ക്‌: ബസ്സ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. സഹയാത്രികനായ യുവാവിന്‌ ഗുരുതരമായി പരിക്കേറ്റു. സ്ഥിരം അപകട മേഖലയായ ഫറോക്ക്‌ പുതിയ പാലം ചെറുവണ്ണൂര്‍ കാപ്പികമ്പിനിക്ക്‌ സമീപം കൊടിയ വളവിലാണ്‌ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ്‌ ബൈക്കിലിടിച്ച്‌ യുവാവ്‌ മരണപ്പെട്ടത്‌. കോട്ടക്കല്‍ എടരിക്കോട്‌ അസംവട്ടം റോഡില്‍ വിരിപ്പില്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ സുവീഷ്‌(26) ആണ്‌ മരിച്ചത്‌. സഹയാത്രികനായ തുമ്പാണി വീട്ടില്‍ രതീഷ്‌ (29) നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30 ഓടെയാണ്‌ അപകടം നടന്നത്‌. കോഴിക്കോട്‌ നിന്നും മഞ്ചേരിയിലേക്ക്‌ പോവുകയായിരുന്ന റിന്‍ബി ബസ്സ്‌ അമിതവേഗതയില്‍ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും സുവീഷിനെ രക്ഷിക്കാനായില്ല.

മരിച്ച സുവീഷ്‌ കോട്ടക്കല്‍ മിംസ്‌ ആശുപത്രിയിലെ ഡ്രൈവറാണ്‌. കോഴിക്കോടുള്ള സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. സുവീഷിന്റെ മാതാവ്‌: വിജയമ്മ. സഹോദരന്‍ സുധീഷ്‌ കുമാര്‍.

Related Articles