ദുബായില്‍ നിന്ന് രാവിലെ നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും ഉച്ചയ്ക്ക് ബൈക്കപകടത്തില്‍ മരിച്ചു

ദുബായ്: ദുബായില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ യുവാവിനു കുടുംബത്തിനും ദാരുണ അന്ത്യം. ചാത്തനൂര്‍ ഏറകൊല്ലന്റെയ്യത്തുവീട്ടില്‍ ഷിബു(40), ഭാര്യ സിജി(34), മകന്‍ ആദിത്യന്‍(11) എന്നിവരാണ് മരിച്ചത്.

രാവിലെ ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഷിബു ഭാര്യയെയും മക്കളായ ആദിത്യന്‍, ആദിഷ്(7) എന്നിവരോടൊപ്പം ബൈക്കില്‍ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം. ചാത്തനൂര്‍ ഗവ.ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യനെ പരീക്ഷ കഴിഞ്ഞ് ഇവര്‍ക്കൊപ്പം കൂട്ടുകയായിരുന്നു.

എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റാണ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്. അമിതവേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടന്നു വരുന്നത് കണ്ട് മുന്നിലുള്ള കാര്‍ പെട്ടന്ന് നിര്‍ത്തി. ഇത് കണ്ട് പിറകെ വന്ന ബൈക്കും നിര്‍ത്തുകയായിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ മറിഞ്ഞ് നാലുപേരും റോഡിലേക്ക് വീണു. ഷിബു, സിജി, ആദിത്യന്‍ എന്നിവരുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ആദിഷ് മറുവശത്തേക്ക് വീണതിനാല്‍ രക്ഷപ്പെട്ടു.

ഷിബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സിജിയെയും ആദിത്യനെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles