വ്യാജ വീഡിയോ പ്രചരിപ്പിച്ചു;കുമ്മനത്തിനെതിരെ പരാതി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് പരാതി. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം എന്നതരത്തിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരില്‍ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ സംഘര്‍ഷമുണ്ടാക്കാൻ മന:പ്പൂർവം ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.

കണ്ണൂരിനെ കലാപഭൂമിയാക്കാനാണ് കുമ്മനം സമൂഹ്യ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തിയതെന്ന് പരാതിയില്‍ പറയുന്നു. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തുന്നുവെന്ന പേരിലാണ് കുമ്മനം വീഡിയോ പ്രചരിപ്പിച്ചത്. പാപ്പിനിശേരി പ്രദേശത്തു നിന്നുമുള്ള വീഡിയോ എന്നാണ് കുമ്മനത്തിന്റെ വാദം. എന്നാല്‍ പാപ്പിനിശേരി പ്രദേശത്ത് ഇത്തരമൊരു പ്രകടനം നടന്നിട്ടില്ല. കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.