എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിനത്തില്‍

endosulfan2തിരു : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിന് മുമ്പില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് നിയമസഭയില്‍ കെ കുഞ്ഞിരാമന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ദുരിത ബാധിതരെ ദേശ ദ്രോഹികളായി സര്‍ക്കാര്‍ ചിത്രീകരിച്ചുവെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 3 ലക്ഷം രൂപ നല്‍കാമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കൂടുതല്‍ പഞ്ചായത്തുകളില്‍ കൂടി ധനസഹായം വ്യാപിപ്പിക്കും. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടം എഴുതി തള്ളും. സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ രക്ഷിതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി കൃഷി മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമരക്കാര്‍ തയ്യാറായാല്‍ ഇന്നു തന്നെ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. അതേ സമയം സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതിയും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചെന്ന് ആരോപിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ക്ലിഫ്ഹൗസിന് മുമ്പില്‍ ആരംഭിച്ച കഞ്ഞിവെപ്പ് സമരം രണ്ടാം ദിവസവും തുടരുകയാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതി തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.