കോണ്‍ഗ്രസ്സുകാര്‍ വീണ്ടും നഗ്മയെ കയറി പിടിച്ചു; അടിയും പിടിയും

ngmaമീററ്റ് : ഇലക്ഷന്‍ പ്രചരണത്തിനിടെ നഗ്മയെ വീണ്ടും കയറിപിടിച്ചു. എന്നാല്‍ ഇത്തവണ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ കവിളത്ത് നഗ്മ ഒന്നങ്ങു പൊട്ടിച്ചു. ഇതു മാത്രമല്ല തന്റെ ചുറ്റും തള്ളി കയറി നിന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടും ജനങ്ങളോടും ഇങ്ങനെ ഒരു ഡയലോഗും പറഞ്ഞു. ‘ ദേ എന്റെ ദേഹത്ത് തൊടാനോ എന്നോട് മോശമായി പെരുമാറാനോ ഒരുത്തനെയും ഞാന്‍ അനുവദിച്ചിട്ടില്ല. ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഞാന്‍ മീററ്റില്‍ കാലുകുത്തില്ല.’ അതുമാത്രമല്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ അരിശം മറച്ചു വെക്കാതെ നഗ്മ കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു. സംഭവം വഷളായതോടെ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തടിയെടുത്തു.

മീററ്റിലെ ജലികോദിയില്‍ വ്യാഴാഴ്ച രാത്രി തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് മീററ്റിലെ കോണ്‍ഗ്രസ്സിന്റെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥിയായ നഗ്മക്ക് നേരെ മോശം പ്രതികരണം ഉണ്ടായത്. നഗ്മയെ കാണാന്‍ ഇവിടെ തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ നഗ്മ വേദിയിലേക്ക് കയറുമ്പോഴാണ് തൊട്ടടുത്ത് നിന്ന യുവാവ് മോശമായി പെരുമാറിയത്. ഇതിനടുത്ത നിമിഷം തന്നെ നഗ്മ യുവാവിന്റെ കരണം പുകക്കയും ചെയ്തു.

കഴിഞ്ഞയാഴ്ച ഇലക്ഷന്‍ പ്രചരണത്തിനിടെ കോണ്‍ഗ്രസ്സ് എംഎല്‍എ ഗജ്‌രാജ് സിങ് നഗ്മയെ അണച്ചു പിടിച്ച് ചുംബിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് തന്റെ അനിഷ്ടം നഗ്മ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.