തദ്ദേശ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്തും ഇടുക്കിയിലും ഇടതിന് വിജയം

Story dated:Friday July 29th, 2016,11 11:am

cpim flagതിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഒറ്റപ്പാലം നഗരസഭ 29ആം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന്‍ വിജയിച്ചു. 385 വോട്ടുകള്‍ക്കാണ് കെകെ രാമകൃഷ്ണന്റെ വിജയം. ഇടുക്കി കൊക്കയാര്‍ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കണ്ണൂര്‍ കല്യാശേരിയില്‍ ആറാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. ഇവിടെ വിജയം ആവര്‍ത്തിച്ച് അഭിമാനം തിരിച്ച് പിടിച്ചിരിക്കുകയാണ് ബിജെപി.

തൃപ്പൂണിത്തുറ നഗരസഭ 39ആം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന്‍ വിജയിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്.