ദോഹയില്‍ ലോകകപ്പ്‌ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

Al-Wakrah-football-stadiu-007ദോഹ: ലോകപ്പ് ഫുട്ബാള്‍ സ്റ്റേഡിയങ്ങള്‍ അഞ്ച് വര്‍ഷത്തിനകമാണ് പൂര്‍ത്തിയാവുകയെന്ന് ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയിലെ മുതിര്‍ന്ന അംഗത്തെ ഉദ്ധരിച്ച് പ്രാദേശിക വെബ്‌പോര്‍ട്ടലായ ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌റ്റേഡിയം നിര്‍മാണം 2020 ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സംതൃപ്തരാണെന്നും ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡലിവറി ആന്റ് ലഗസി ടൂര്‍ണമെന്റ് ഓപറേഷന്‍സ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതര്‍ പറഞ്ഞതായാണ് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

ഖലീഫ സ്റ്റേഡിയം 2017 ആകുമ്പോഴേക്കും പൂര്‍ത്തിയാകും. 2016 അവസാനത്തോടെ ഖലീഫ സ്റ്റേഡിയത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകുമെങ്കിലും 2017ല്‍ പൂര്‍ണ്ണമായും സജ്ജമാകും. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള സൗകര്യങ്ങളുടെ നവീകരണത്തിന്റെ ഏകദേശം 90 ശതമാനം കോണ്‍ക്രീറ്റ് ജോലികളും ചെയ്തിട്ടുണ്ട്. ഖലീഫ സ്റ്റേഡിയത്തിന്റെ കിഴക്കു ഭാഗത്തുള്ള കമാനം നീക്കം ചെയ്ത് ആ സ്ഥാനത്ത് രണ്ട് കമാനങ്ങള്‍ സ്ഥാപിക്കും. നിലവിലുള്ള ഇരിപ്പിടങ്ങളുടെ എണ്ണം ഇരട്ടിയുമാക്കണം.

ഇതുവരെ ആറ് സ്റ്റേഡിയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാലെണ്ണത്തിന്റെ രൂപരേഖയാണ് പുറത്തിറക്കിയത്. ലോകകപ്പ് മത്സരങ്ങളുടെ ഉദ്ഘാടനവും ഫൈനല്‍ മത്സരവും നടക്കുന്ന ലുസൈല്‍ സിറ്റിയിലെ സ്റ്റേഡിയത്തിന്റെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

അല്‍ വക്‌റ, അല്‍ ഖോര്‍, എജുക്കേഷന്‍ സിറ്റി എന്നീ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അല്‍ റയ്യാന്‍ സ്‌റ്റേഡിയം തകര്‍ത്തതിന് ശേഷം മരുക്കുന്നുകളുടെ രൂപത്തില്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്.

ലോകകപ്പിലെ 64 മത്സരങ്ങള്‍ നടത്താന്‍ എട്ട് സ്റ്റേഡിയങ്ങളാണ് ഫിഫ ആവശ്യപ്പെടുന്നത്.