ദോഹയില്‍ പാസ്‌പോര്‍ട്ട്, വിസ സര്‍വീസുകള്‍ക്ക് പുതിയ ഓഫിസ്

Untitled-1 copyദോഹ: യാത്രാ അനുമതികളും മറ്റ് സര്‍വീസുകളും ലഭ്യമാക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഓഫിസ് തുറന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ ലഗ്ഗേജ് വെയിംഗ് കൗണ്ടറിന് സമീപത്തായാണ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗത്തിലെ ട്രാവല്‍ പെര്‍മിറ്റ്‌സ് സെക്ഷന്‍ തലവന്‍ മേജര്‍ നാസര്‍ ജബര്‍ അല്‍ മാലികി പറഞ്ഞു. മികച്ച സേവനങ്ങള്‍ക്ക് മൂന്ന് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓഫിസര്‍ ഇന്‍ചാര്‍ജിന് ഒരു പ്രത്യേക കൗണ്ടറുമുണ്ടാകും.

എക്‌സിറ്റ് പെര്‍മിറ്റ്, വ്യക്തിപരമായ സ്‌പോണ്‍സര്‍ഷിപ്പിലുള്ള റസിഡന്റ് പെര്‍മിറ്റുകളും പുതുക്കലും ക്യാന്‍സലേഷനും, പാസ്‌പോര്‍ട്ടും വിസയുമായി ബന്ധപ്പെട്ട പിഴയടക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി എല്ലാ ദിവസവും മുഴുവന്‍ സമയവും കൗണ്ടര്‍ പ്രവര്‍ത്തിക്കും.

മെട്രാഷ് 2 സര്‍വീസിലൂടേയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടേയും ഭൂരിഭാഗം സര്‍വീസുകളും ലഭ്യമാണെന്ന് എന്‍ട്രി പെര്‍മിറ്റ് സെക്ഷന്‍ ഓഫിസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. എന്നാല്‍ പലരും തങ്ങളുടെ യാത്രയ്ക്ക് തൊട്ടുമുമ്പാണ് എക്‌സിറ്റ് പെര്‍മിറ്റിനെ കുറിച്ചും റസിഡന്റ് പെര്‍മിറ്റിന്റെ തിയ്യതി അവസാനിക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നത്.