സാമൂഹിക സാമ്പത്തിക രംഗത്തെ ദോഹയിലെ വികസന പദ്ധതികള്‍ക്ക്‌ പുരോഗതി

untitled-2-copyദോഹ: സാമൂഹിക സാമ്പത്തിക രംഗത്ത്‌ സുസ്ഥിര വികസനം ലക്ഷ്യംവെച്ചുള്ള ദോഹ നഗരത്തിലെ വികസന പദ്ധതികളില്‍ വന്‍ പുരോഗതി കൈവരിക്കുന്നതായി റിപ്പോര്‍ട്ട്‌. അതെസമയം പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ രാജ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌ ഈ അടുത്തിടെ പ്രസിദ്ധീകരിച്ച അര്‍ക്കാഡിസ്‌ ‘സുസ്ഥിര നഗരങ്ങളുടെ പട്ടിക 2016’ല്‍ വ്യക്തമാക്കുന്നത്‌.

എട്ടു നഗരങ്ങളുള്ള അര്‍ക്കാഡിസിന്‍െറ മിഡില്‍ ഈസ്റ്റ് സുസ്ഥിര നഗര സൂചികയില്‍ ദോഹ നഗരം നാലാം സ്ഥാനത്താണുള്ളത്. ഈ ഗണത്തില്‍പ്പെടുന്ന ലോക നഗരങ്ങളുടെ സൂചികയില്‍ 72 ാം സ്ഥാനത്തും. ‘ജനങ്ങളും വരുമാനങ്ങളു’മെന്ന വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദോഹ, ഗതാഗതത്തിലും സാമൂഹിക വികസനത്തിനുമായി ഖത്തര്‍ 2030 നാഷനല്‍ വിഷന്‍െറ ഭാഗമായി കൂടുതല്‍ നിക്ഷേപം വകയിരുത്തുന്നുണ്ടെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണിത്. പരിസ്ഥിതി സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മുന്നേറാന്‍ സാധിക്കാത്തതിനാല്‍ നഗര സൂചികയിലെ പരിസ്ഥിതി വിഭാഗം റാങ്കിങില്‍ 98 ാം സ്ഥാനത്തേക്ക് നഗരം പിന്തള്ളപ്പെട്ടു. രാജ്യത്തിന്‍െറ ഊഷ്ണ പ്രകൃതിയും എണ്ണ-വാതക ഖനനവും, വികസന പദ്ധതികള്‍ക്കായി വേണ്ടി വരുന്ന വര്‍ധിച്ച തോതിലുള്ള ഊര്‍ജ്ജ വിനിയോഗവുമെല്ലാമാണ് പട്ടികയിലെ മുന്നോട്ടുള്ള കുതിപ്പിന് വിഘാതമായത്.

എന്നാല്‍, ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 ലക്ഷ്യമിടുന്ന ഹരിത സാങ്കേതിക വിദ്യയിലൂന്നിയുള്ള വികസനവും ഊര്‍ജ്ജ സംരക്ഷണ പരിപാടികളുമെല്ലാം ഭാവിയില്‍ നഗരത്തെ മുന്നേറാന്‍ സഹായിക്കുമെന്ന് അര്‍ക്കാഡിസ് ഖത്തര്‍ എം.ഡി ജാക്ക് ഓവര്‍കാം പറഞ്ഞു. 2022 ഫിഫ ലോകകപ്പിന് ആതിഥേയരാവുന്നതിന്‍െറ ഭാഗമായി ഗതാഗത-ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ എല്ലാ മേഖലയിലും സ്ഥായിയായ വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.